ബിജെപിയെയും പാർട്ടി നേതാക്കളെയും മനപൂർവ്വം ഇല്ലാതാക്കാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ കള്ളക്കേസുകളെന്ന് ബിജെപി നേതാവ് എം ടി രമേശ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പത്ത് ലക്ഷം രൂപയാണോ സി കെ ജാനുവിന് കേരള സമൂഹവും മാദ്ധ്യമങ്ങളും വിലയിട്ടിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും കോൺഗ്രസും അതിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മുന്നണിയോടൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കൊടുക്കുന്നത് തെറ്റാണോയെന്ന് എം ടി രമേശ് ചോദിച്ചു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഘടകകക്ഷികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.











