കൊച്ചി: ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഐഷക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുന്നതാണ്. ക്രിമിനൽ നടപടി ചട്ടം 41 പ്രകാരമാണ് നോട്ടിസ് നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാനാണ് അറിയിച്ചിരിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ മാസം 20ന് കവരത്തി പൊലീസിൽ ഹാജരായി മൊഴി നൽകാനാണ് അറിയിച്ചിരിക്കുന്നത്.
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചു എന്ന് ഐഷ സുൽത്താന മീഡിയ വൺ ചാനൽ ചർച്ചയിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് കെസെടുത്തിരിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ കവരത്തിയിൽ എത്തിയാൽ താൻ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഐഷയുടെ ആവശ്യം.
അതേസമയം ഐഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുൻപ് തന്റെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിലൊരാളായ പ്രതീഷ് വിശ്വനാഥൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസ് കോടതി നാളെ പരിഗണിക്കും.












