ഡൽഹി: കൊറോണ വൈറസ് വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കകളും അഭ്യൂഹങ്ങളും തടയുന്നതിനുമായി ജൂൺ 21 മുതൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ “ജാൻ ഹെ ടു ജഹാൻ ഹെ” കാമ്പയിൻ ആരംഭിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചു.
ന്യൂനപക്ഷകാര്യ മന്ത്രാലയം വിവിധ സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വാശ്രയ ഗ്രൂപ്പുകൾ, വനിതാ സ്വാശ്രയ ഗ്രൂപ്പുകൾ എന്നിവയുമായി ചേർന്ന് രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണ പരിപാടി ആരംഭിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു .
ഈ പ്രചാരണത്തിൽ വിവിധ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മെഡിക്കൽ, ശാസ്ത്ര മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ നല്ല സന്ദേശങ്ങൾ തെരുവ് നാടകങ്ങളിലൂടെ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
”രാജ്യത്തെ ചില പ്രദേശങ്ങളിൽ വാക്സിൻ സംബന്ധിച്ച് അഭ്യൂഹങ്ങളുടെയും ആശങ്കകളുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ചില സ്വാർത്ഥ ഘടകങ്ങൾ ശ്രമിക്കുന്നുണ്ട്, അത്തരം മിഥ്യാധാരണകൾ സൃഷ്ടിക്കുന്നവർ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ശത്രുക്കളാണ്”; നഖ്‌വി പറഞ്ഞു.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കൊണ്ടുവന്ന ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിച്ചു. “രാജ്യത്തെ ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രണ്ട് ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനുകൾ തയ്യാറാക്കിയിട്ടുണ്ട്, ഈ വാക്സിനുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നും അണുബാധ തടയുന്നതിനുള്ള പ്രധാന ആയുധമാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കൊറോണ വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ചുള്ള ആശങ്കകളും അഭ്യൂഹങ്ങളും പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റികൾ, വഖഫ് ബോർഡ്, വഖഫ് അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെൻട്രൽ വഖഫ് കൗൺസിൽ എന്നിവ “ജാൻ ഹെ ടു ജഹാൻ ഹെ” കാമ്പയിനിൽ പങ്കാളികളാണെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
Discussion about this post