തിരുവനന്തപുരം: വിഴിഞ്ഞത്ത് വെങ്ങാനൂര്‍ സ്വദേശിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 24 കാരിയായ അര്‍ച്ചനയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെയോടെയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെയാണ് അര്‍ച്ചനയയെ കുടുംബവീട്ടില്‍നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന് പറഞ്ഞു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മാത്രമല്ല സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു.
എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമല്ല. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചായിരിക്കാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നാണ് ഇനി അറിയേണ്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Discussion about this post