ഡൽഹി: ചൈനീസ് നിർമ്മിത കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്നു. ചൈനയിൽ നിന്നും വാക്സിൻ വാങ്ങിയ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് കണക്കുകൾ പുറത്തു വരുന്നത്. മംഗോളിയ, ബഹറിൻ, സീഷെൽസ്, ചിലി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ചൈനയിൽ നിന്നും വാക്സിൻ വാങ്ങി പ്രതിസന്ധിയിലായിരിക്കുന്നത്.
അതിവേഗം കൊവിഡ് മുക്തമാകുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഈ രാജ്യങ്ങൾ ചൈനയിൽ നിന്നും വാക്സിൻ വാങ്ങിയത്. എന്നാൽ നിലവിൽ ഈ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതായാണ് റിപ്പോർട്ട്.
സീഷെൽസ്, ചിലി, ബഹറിൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഴുപത് ശതമാനത്തിനടുത്ത് ജനങ്ങളും വാക്സിൻ സ്വീകരിച്ചിരുന്നു. അമേരിക്കയേക്കാൾ വേഗത്തിൽ വാക്സിനേഷൻ നടത്തി എന്ന് അവകാശപ്പെടുന്ന ഈ നാല് രാജ്യങ്ങളിലുമാണ് ഇന്ന് ലോകത്ത് കൊവിഡ് വ്യാപന നിരക്ക് ഏറ്റവും കൂടുതലുള്ളത്. ഈ നാല് രാജ്യങ്ങളും ഉപയോഗിക്കുന്നത് ചൈനീസ് വാക്സിൻ കമ്പനികളായ സിനോഫാം, സിനോവാക് ബയോടെക് എന്നിവ ഉദ്പാദിപ്പിക്കുന്ന വാക്സിനുകളാണ്.
സൂക്ഷിച്ചു വെക്കാൻ എളുപ്പവും വിതരണം ചെയ്യാൻ അനായാസവുമാണ് ചൈനീസ് വാക്സിനുകൾ എന്നായിരുന്നു ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ അവകാശവാദം. എന്നാൽ വാക്സിനുകളുടെ ഫലപ്രാപ്തി വെളിപ്പെടുത്തുന്ന മതിയായ ക്ലിനിക്കൽ റിപ്പോർട്ടുകളൊന്നും ചൈന പുറത്തു വിട്ടിരുന്നില്ല.
ചൈനയുടെ സിനോവാക് ഉപയോഗിച്ച ഇന്തോനേഷ്യയിലെ 350 ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവരിൽ 10പേരും മരണത്തിന് കീഴടങ്ങിയിരുന്നു.
Discussion about this post