ഡൽഹി : കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നും, അടിയന്തര ഉപയോഗം മതിയെന്നും കേന്ദ്ര വിദഗ്ദ്ധ സമിതി തീരുമാനം. ലോകാരോഗ്യ സംഘടന കൊവാക്സീൻ അനുമതിക്കുള്ള പ്രാഥമിക നടപടികൾ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
കൊവാക്സീൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. പൂർണ്ണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി.
ഗർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല. ലോകാരോഗ്യ സംഘടന ഭാരത് ബയോടെക് അപേക്ഷ പരിഗണിക്കാനിരിക്കെയാണ് അടിയന്ത ഉപയോഗത്തിന് അനുമതി നല്കിയാൽ മതിയെന്ന കേന്ദ്ര വിദഗ്ധ സമിതിയുടെയും ഈ തീരുമാനം.
പന്ത്രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതൽ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കൊവാക്സീൻ പരീക്ഷണം തുടങ്ങിയിരുന്നു. രണ്ട് മുതൽ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനും ഇന്ന് രജിസ്ട്രേഷൻ തുടങ്ങി. സെപ്തംബറോടെ പരീക്ഷണം പൂർത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടർ റൺദീപ് ഗുലേറിയ അറിയിച്ചു. കൊവിഡ് ആദ്യ തരംഗത്തിൽ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ 60 വയസ് കഴിഞ്ഞവരും 10 വയസ്സിന് താഴെയുള്ളവരും വീടുകളിൽ തുടരണം എന്നായിരുന്നു നിർദ്ദേശം.
രണ്ടാം തരംഗത്തിലെ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിൽ വാക്സീൻ എടുത്ത മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രണം കേന്ദ്രം നീക്കി.
60 വയസ്സിന് മുകളിലുള്ള 50 ശതമാനം പേർക്ക് വാക്സീൻ ഒരു ഡോസെങ്കിലും നൽകിയ പശ്ചാത്തലത്തിലാണ് ഇതിൽ സർക്കാർ ഇളവ് പ്രഖ്യാപിക്കുന്നത്. രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ച 60 കഴിഞ്ഞവർക്ക് പുറത്തിറങ്ങാം. ആൾക്കൂട്ടങ്ങളിൽ പോകുന്നത് കുറയ്ക്കണം. എന്നാൽ പതിവ് നടപ്പിനുൾപ്പടെ തടസ്സമില്ല.
രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്നു കോടി പിന്നിട്ടു. ഇന്നലെ പ്രതിദിന കേസുകൾ 42000 ആയി താഴ്ന്നെങ്കിലും ഇന്നത് വീണ്ടും 50000ത്തിന് മുകളിലെത്തി. കൊവാക്സീൻ എടുത്തവർക്ക് പല വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ഇപ്പോഴും അനുമതി ആയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ തീരുമാനം വരാൻ ഒന്നോ രണ്ടോ മാസമെങ്കിലും എടുക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
Discussion about this post