ഡൽഹി: ലോകത്ത് ഭീതി പരത്തി കൊവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നു. യു കെ, ഇസ്രായേൽ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം അതിവേഗം വ്യാപിക്കുന്നത്.
ഇന്ത്യയിലാണ് ഡെൽറ്റ വൈറസ് വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടു പിന്നിൽ യുകെയാണ്. യു കെയിൽ ഇപ്പോൾ പടർന്നു പിടിക്കുന്നതിൽ 96 ശതമാനവും ഡെൽറ്റ വകഭേദമാണ് എന്നതാണ് ഏറ്റവും ഭയാനകമായ വസ്തുത. 35,204 കേസുകളാണ് ബ്രിട്ടണിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്.
ജർമ്മനയിലും ഡൽറ്റ വകഭേദം വ്യാപിക്കുകയാണ്. റഷ്യയിൽ കഴിഞ്ഞ ദിവസം 20,000 കേസുകൾ റിപ്പോർട്ട് ചെയ്തു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധാ നിരക്കാണിത്.
കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ മിക്ക രാജ്യങ്ങളും തയ്യാറെടുക്കുന്ന സന്ദർഭത്തിൽ പുതിയ രോഗവ്യാപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വേനൽക്കാലത്ത്, പ്രത്യേകിച്ച് യുവാക്കളിലാണ് ഈ വകഭേദം അധികമായി വ്യാപിക്കുന്നത് എന്നതും ആശങ്കാജനകമാണ്.
യൂറോപ്പിന് പുറമെ ഓസ്ട്രേലിയയിലും ഇസ്രായേലിലും ഡൽറ്റ വകഭേദം വ്യാപിക്കുകയാണ്. കൊവിഡിനെ ഏറെക്കുറെ അതിജീവിച്ച ഇരുരാജ്യങ്ങളും വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഇസ്രായേലിൽ കെട്ടിടങ്ങൾക്കുള്ളിലും മാസ്ക് ധരിക്കുന്നത് നിർബ്ബന്ധമാക്കി.
ഡൽറ്റ വകഭേദത്തിന്റെ വ്യാപനത്തെ തുടർന്ന് ബംഗ്ലാദേശും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ ആഫ്രിക്കയിൽ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ആഫ്രിക്കയിലെ 14 രാജ്യങ്ങളിൽ ഡൽറ്റ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിലും ഡൽറ്റ വകഭേദം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഇരുപത് ശതമാനം പുതിയ കേസുകളും ഡൽറ്റയാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
Discussion about this post