കൊച്ചി : 1971 ൽ ബംഗാൾ ഉൾക്കടലിലെ പാക്ക് മുന്നേറ്റം ചെറുത്ത് ഇന്ത്യൻ നാവികസേനയുടെ കരുത്തായി മാറിയ വിമാനവാഹിനി പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ പുനർജന്മമാണ് ഐഎസി 1 എന്ന ഐഎൻഎസ് വിക്രാന്ത്. ആദ്യ വിക്രാന്തിനെ കമ്മിഷൻ ചെയ്യുമ്പോൾ തന്നെ തദ്ദേശീയമായി നിർമിച്ചൊരു വിമാനവാഹിനിക്കപ്പൽ എന്ന സ്വപ്നം രാജ്യം മുൻകൂട്ടി കണ്ടിരുന്നു. നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായിരുന്നു പഴയ വിക്രാന്ത് എങ്കിൽ ഇന്ത്യൻ മണ്ണിൽതന്നെ നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ എന്ന പ്രത്യേകതയാണ് പുതിയ വിക്രാന്തിന്.
രാജ്യത്തു നിർമിക്കുന്ന ഏറ്റവും വലിയ കപ്പലെന്ന സവിശേഷതയും പുതിയ വിക്രാന്തിനു സ്വന്തം. 3,500 കോടി രൂപയിലേറെ ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ കപ്പൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിന്റെ വജ്രജൂബിലി ആഘോഷ വർഷത്തിൽ തന്നെ കമ്മിഷൻ ചെയ്യുമെന്നാണു പ്രഖ്യാപനം. കൊച്ചിയിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കപ്പലിന്റെ നിർമാണ പുരോഗതിയിൽ സംതൃപ്തി പ്രകടപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായ പദ്ധതി എന്ന നിലയിൽ രൂപകൽപന മുതൽ നിർമാണത്തിന്റെ 75 ശതമാനവും ഇന്ത്യൻ നിര്‍മിതമാണെന്നതിൽ ഏവർക്കും അഭിമാനിക്കാം.
കപ്പൽ നിർമാണത്തിനുള്ള ഉരുക്ക് ഉൽപാദിപ്പിച്ചതും ഇന്ത്യയിൽതന്നെ. കോവിഡ് കാലം കാര്യമായി ബാധിക്കാതെ നിർമാണം പൂർത്തിയാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും കൊച്ചി കപ്പൽ നിർമാണ ശാലയ്ക്കാണ്. വരും മാസങ്ങളിൽ കപ്പലിന്റെ കടൽ പരീക്ഷണങ്ങൾക്കു തുടക്കമാകും. കൊച്ചി തുറമുഖത്ത് കഴിഞ്ഞ 20 ന് കപ്പലിന്റെ ബേസിൻ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതോടെയാണ് കടൽ പരീക്ഷണത്തിനു തയാറെടുക്കുന്നത്. കമ്മിഷൻ പൂർത്തിയാകുന്നതോടെ നാവിക സേനയുടെ പ്രധാന നാവിക, വ്യോമ പോരാട്ടങ്ങളുടെ പോർമുനയാകും വിക്രാന്ത്.
പതിറ്റാണ്ടുകൾ നീണ്ട ആലോചനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണു തദ്ദേശീയമായ വിമാനവാഹിനി കപ്പൽ നിർമിക്കുക എന്ന ആശയം പ്രായോഗികതയിലേയ്ക്കെത്തുന്നത്. സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമിക്കാൻ ഇന്ത്യ ആലോചന തുടങ്ങുന്നത് 1960 ൽ. 2002 ലാണു പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകുന്നത്. പഴയ വിക്രാന്തിനെ ഡീകമ്മിഷൻ ചെയ്യുമ്പോൾ പുതിയ കപ്പൽ ഇന്ത്യയിൽ തന്നെ നിർമിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. 1990 കളിൽ രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നത് പിന്നോട്ടു വലിച്ചു.
എന്നാൽ 1999 ൽ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു. എന്നിട്ടും വർഷങ്ങൾക്കു ശേഷം 2007 ലാണ് കപ്പൽ നിർമാണക്കരാറിന്റെ ആദ്യഘട്ടത്തിന് ഒപ്പിടുന്നത്. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണു കപ്പലിന്റെ രൂപകൽപന നിർവഹിച്ചത്. 2009 ഫെബ്രുവരിയിൽ കപ്പലിനു കീലിട്ടു. ഡ്രൈ ഡോക്കിൽനിന്നു കപ്പൽ നീറ്റിലിറക്കിയത് 2013ൽ. 2020 നവംബറിൽ ബേസിൻ ട്രയലുകളും പൂർത്തിയാക്കി.
ഇന്ത്യയിൽ ഇതുവരെ 7,500 ടൺ മുതൽ 8,000 ടൺ വരെ ഭാരമുള്ള യുദ്ധക്കപ്പലുകളാണ് നിർമിച്ചിട്ടുള്ളത്. ഐഎൻഎസ് വിക്രാന്തിന്റെ ഭാരം പക്ഷേ 40,000 ടൺ വരും. മൂന്നു ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമാണ് കപ്പലിനുണ്ടാകുകയെന്നാണു വിലയിരുത്തൽ. 263 മീറ്റർ നീളവും 63 മീറ്റർ വീതിയും. കീലിൽ നിന്നുള്ള ഉയരം 37.5 മീറ്റർ.
വാർത്താവിനിമയത്തിനും വൈദ്യുതിക്കും ദിശാ നിർണയത്തിനും നിയന്ത്രണത്തിനുമായി വേണ്ടിവരുന്ന കേബിളുകളുടെ നീളം 1,500 കിലോമീറ്റർ. കൊച്ചിയിൽനിന്നു മുംബൈയിലേക്കുള്ള റോഡ് ദൂരം 1426 കിലോമീറ്റർ ആണെന്ന് ഓർക്കണം.നിലവിലുള്ള ഇന്ത്യൻ യുദ്ധക്കപ്പലുകളിലുള്ളത് 80 കിലോമീറ്റർ കേബിളുകൾ മാത്രമാണ്.
ആകെ 15 ഡെക്കുകളാണ് കപ്പലിന്. ഫ്ലൈറ്റ് ഡെക്കിൽനിന്ന് അഞ്ചു ഡെക്കുകൾ മുകളിലേക്കും ഒൻപതെണ്ണം താഴേയ്ക്കും. ഇതിൽ ഒരു ഡെക്കാണു വിമാനങ്ങൾ സൂക്ഷിക്കാനുള്ള ഹാങ്ങർ. ഇതിൽ 20 വിമാനങ്ങൾ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യമുണ്ടാകും. വിമാനങ്ങൾ ഇവിടെനിന്ന് ആവശ്യാനുസരണം ഫ്ലൈറ്റ് ഡെക്കിലേക്കു ലിഫ്റ്റ് വഴി ഉയർത്തിയാണു മുകളിലെത്തിക്കുന്നത്.
മിഗ് 29 വിഭാഗത്തിൽപെട്ട 20 യുദ്ധ വിമാനങ്ങൾ, 10 ഹെലികോപ്ടറുകൾ ഇവ വഹിക്കും. റഷ്യൻ സാങ്കേതിക വിദ്യയാണ് കപ്പലിന്റെ കരുത്ത്. വിവിധ ഡെക്കുകളിലായി 2,400 കംപാർട്മെന്റുകൾ. 1850 എണ്ണം താമസത്തിനും ഓഫിസ് ആവശ്യങ്ങൾക്കും യുദ്ധതന്ത്ര പ്രധാനമായ ആവശ്യങ്ങൾക്കും ഉപയോഗിക്കുമ്പോൾ ബാക്കിയുള്ളവ ഉപകരണങ്ങളും മറ്റും ശേഖരിക്കാൻ വേണ്ടിയാണ്. യുദ്ധവിമാനങ്ങൾ പറന്നുയരാൻ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റൺവേകളാണുള്ളത്. വിമാനത്തിലെ വെടിക്കോപ്പുകളുടെ ഭാരം വർധിക്കുന്നതിനനുസരിച്ച്, ഇതിൽ നീളം കൂടിയ റൺവേ ആയിരിക്കും ഉപയോഗിക്കുക.
പറന്നിറങ്ങാൻ 190 മീറ്ററിന്റെ മൂന്നാമത്തെ റൺവേ ഉപയോഗിക്കും. ഇതിൽ മൂന്ന് അറസ്റ്റിങ് ഉപകരണങ്ങളുണ്ട്. ചെറിയ റൺവേയിൽ ഇറങ്ങുന്ന വിമാനത്തിന്റെ വേഗം കുറച്ച്, വിമാനത്തെ റൺവേയിൽ തന്നെ പിടിച്ചു നിർത്താനാണിത്. പറന്നുയരാനുള്ള റൺവേകളിൽ ഓരോ റിസ്ട്രെയിനിങ് ഉപകരണങ്ങളുണ്ട്. ചെറിയ ദൂരത്തിൽ പറന്നുയരേണ്ടതിനാൽ പരമാവധി ആവേഗം ലഭിക്കുന്നതിനാണു റിസ്ട്രെയ്നിങ് ഉപകരണം.
വിമാനത്താവളങ്ങളിലാണെങ്കിൽ 1.20 കിലോമീറ്ററെങ്കിലും റൺവേ വേണ്ട വിമാനങ്ങളെ വിക്രാന്തിൽനിന്ന് ചെറിയ റൺവേയിൽ പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്നത് അറസ്റ്റിങ്, റിസ്ട്രെയ്നിങ് ഉപകരണങ്ങളാണ്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ് ഈ യന്ത്രങ്ങൾ. കപ്പൽ പ്രവർത്തന സജ്ജമായി കടലിൽ ഇറങ്ങുന്നതോടെ 100 ഓഫിസർമാരും 1,500 നാവികരുമാണു കപ്പലിലുണ്ടാവുക.
കപ്പൽ നിർമാണത്തിന് ആവശ്യമായ 20,000 ടൺ ഉരുക്ക് ഉൽപാദിപ്പിച്ചത് ഇന്ത്യയിൽ തന്നെയാണ്. യന്ത്രഭാഗങ്ങളുടെ 70 ശതമാനവും മറ്റ് ഉപകരണങ്ങളുടെ 80 ശതമാനവും നിർമിച്ചതും ഇന്ത്യയിൽ. കപ്പലിന് ഊർജം നൽകുന്ന ഗ്യാസ് ടർബൈനുകൾ യുഎസിൽനിന്ന് ഇറക്കുമതി ചെയ്തതാണെങ്കിലും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ആണു യോജിപ്പിച്ചത്. പൊതു, സ്വകാര്യ മേഖലകളിലെ വലുതും ചെറുതുമായ ഇരുന്നൂറോളം ഇന്ത്യൻ കമ്പനികളാണു പദ്ധതിയുമായി ഇതുവരെ സഹകരിച്ചത്.
ഏറെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണു നാവികസേനയുടെ അഭിമാനമായിരുന്ന ഐഎൻഎസ് വിക്രാന്ത് ഓർമകളിലേയ്ക്കു മാഞ്ഞുപോയത്. ഇന്ത്യൻ യുദ്ധവീര്യത്തിന്റെ ഏഴു പതിറ്റാണ്ടു നീണ്ട കടൽപ്പെരുമയ്ക്കായിരുന്നു അന്ത്യം. മുംബൈയിലെ ദാറുഖാനയിലാണ് കപ്പൽ പൊളിച്ചത്. മണിക്കൂറിൽ 43 കിലോമീറ്ററായിരുന്നു പഴയ വിക്രാന്തിന്റെ വേഗം. 12 വീർ ചക്ര, രണ്ട് മഹാവീർ ചക്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് 1957ൽ ബ്രിട്ടനിൽ നിന്നു സ്വന്തമാക്കിയ ഈ കപ്പൽ. 1961ലായിരുന്നു നേവി കമ്മിഷൻ ചെയ്‌തത്. 1997ൽ ഡീകമ്മിഷൻ ചെയ്യേണ്ടി വന്നു.
തുടർന്ന് 2004 വരെ നാവിക മ്യൂസിയമായി സൂക്ഷിച്ചെങ്കിലും സംരക്ഷിക്കാൻ സാമ്പത്തിക ചെലവേറേയാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. വിക്രാന്തിലെ കരകൗശല നിർമിതികളിൽ 60 ശതമാനത്തിലേറെയും മുംബൈയിലെ മാരിടൈം ഹിസ്‌റ്ററി സൊസൈറ്റിയിലേക്കു മാറ്റിയിരുന്നു. ബാക്കിയുള്ളവ ഗോവയിലെ നേവൽ ഏവിയേഷൻ മ്യൂസിയത്തിനും കൈമാറി. ഐഎൻഎസ് വിക്രാന്തിന്റെ സ്റ്റീൽ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച മോട്ടർ സൈക്കിളുകൾ ഇന്ത്യൻ നിരത്തുകളിൽ ഉള്ളതിനാൽ ആ കുതിപ്പ് ഇപ്പോഴും കേൾക്കാനാകും.
Discussion about this post