തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കോഴിക്കോട് സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊടി സുനിയുടെ ആളുകളാണ് മാഫിയകള്‍ക്ക് സംരക്ഷണം കൊടുക്കുന്നത്. കൊടി സുനിയുടെ പാര്‍ട്ടിയായ സിപിഎം പറയുന്നു തങ്ങള്‍ മാഫിയകള്‍ക്കെതിരായ ക്യാമ്പയിന്‍ നടത്തുന്നുവെന്ന്. കേരളത്തിലെ ജനങ്ങളുടെ ബുദ്ധി ശക്തിയെ പരീക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു.
സിപിഎം മാഫിയ ബന്ധം ഉപേക്ഷിച്ച് സർക്കാർ സ്വാധീനത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ആശ്രയമാകുന്നതിനും പകരം അവരെ അധിക്ഷേപിക്കുന്ന സമീപനം എടുക്കുന്ന ഒരു കേന്ദ്ര കമ്മറ്റി അംഗം വനിതാ കമ്മീഷന്‍ അംഗമാകുന്നു, അതിന് ശേഷം ഇപ്പോള്‍ സ്ത്രീപക്ഷ കേരളം എന്ന ക്യാമ്പയിന്‍ സിപിഎം തുടങ്ങുന്നു എന്നതിനേക്കാള്‍ അപഹാസ്യമായ കാര്യമില്ലെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി. കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതത്വമില്ലാത്ത സാഹചര്യമുണ്ടാകുന്നുവെന്നും അത് ഉറപ്പ് വരുത്താത്ത വനിതാ കമ്മീഷന്‍ തന്നെ സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.











