ജമ്മു: ജമ്മു വ്യോമ താവളത്തില്‍ ഇരട്ട സ്ഫോടനത്തിന് ഡ്രോണുകളില്‍ നിന്നു രണ്ടു കിലോ വീതം സ്ഫോടക വസ്തു (ഐഇഡി) വര്‍ഷിച്ചുവെന്നാണ് സൂചന. ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്നാണ് സംശയം. സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ‘ഉയര്‍ന്ന ഗ്രേഡിലുള്ള’ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തോടു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
100 മീറ്റര്‍ ഉയരത്തില്‍നിന്നാണ് സ്ഫോടകവസ്തു ഇട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. ഡ്രോണുകളുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ സ്ഫോടകവസ്തുക്കൾ വിക്ഷേപിച്ചശേഷം അവ തിരികെപ്പറന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആറു മിനിറ്റിന്റെ ഇടവേളയിലാണ് സ്ഫോടനങ്ങൾ നടന്നത്. ഡ്രോണുകളുടെ ഉറവിടം തേടുകയാണ് എൻഐഎയടക്കമുള്ള കേന്ദ്ര ഏജൻസികൾ. പാക്ക് സൈന്യത്തിന്റെയോ ഐഎസ്ഐയുടെയോ സജീവ ഇടപെടലില്ലാത്തെ ഇത്തരമൊരു ആക്രമണം സംഭവിക്കില്ലെന്ന് അന്വേഷണവൃത്തങ്ങൾ ഉറപ്പു പറയുന്നു.
നാഷനൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) ബോംബ് ഡേറ്റ സെന്റർ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയുടെ സംഘാംഗങ്ങളും വ്യോമതാവളത്തിലെത്തി അന്വേഷണം നടത്തുന്നുണ്ട്. ജമ്മു പൊലീസും കേസെടുത്തിട്ടുണ്ട്. അന്വേഷണം പൂർണമായും എൻഐഎയ്ക്കു വിട്ടുനൽകുമെന്നാണ് സൂചന.
Discussion about this post