ഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിനിടെ മഹാമാരിയെ നേരിടാന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായമായി 41 മില്യണ്‍ ഡോളറിന്റെ അധിക സഹായമാണ് യുഎസ് നല്‍കിയത്. ഇതോടെ ഇന്ത്യയ്ക്കുള്ള യുഎസ് സഹായം 200 മില്യണ്‍ ഡോളറിലധികമായി.
‘അമേരിക്കയ്ക്ക് പിന്തുണ നല്‍കേണ്ട സമയത്ത് ഇന്ത്യ തങ്ങള്‍ക്കൊപ്പം നിന്നു. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇപ്പോള്‍ അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു’,യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് തിങ്കളാഴ്ച വ്യക്തമാക്കി.യുഎസ്‌ഐഡിയുടെ സഹായം കോവിഡ് പരിശോധന, മഹാമാരി സംബന്ധമായ മാനസികാരോഗ്യ സേവനങ്ങള്‍, ഒറ്റപ്പെട്ട മേഖലകളില്‍ സഹായമെത്തിക്കുന്നതിനുമെല്ലാം ഉപകരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു.
”ആരോഗ്യസംരക്ഷണ വിതരണ ശൃംഖലകളും ഇലക്‌ട്രോണിക് ആരോഗ്യ വിവര സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനും വാക്സിനേഷന്‍ നടപടികളെ പിന്തുണയ്ക്കുന്നതിനും സ്വകാര്യമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇന്ത്യയുമായി പങ്കാളിത്തം തുടരും”. യുഎസ്‌ഐഐഡി വ്യക്തമാക്കി .
കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ ഇതുവരെ യുഎസ്‌ഐഐഡി 200 മില്യണ്‍ യുഎസ് ഡോളറിലധികം ഇന്ത്യയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി 214,000 ത്തിലധികം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശിലീനം നല്‍കുന്നതിനായി 50 മില്യണ്‍ യുഎസ് ഡോളറിലധികം അടിയന്തര വിതരണം ഉള്‍പ്പെടെയാണിത്.
Discussion about this post