ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവിഷീൽഡിന് എട്ട് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകാരം നൽകി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ജർമ്മനി, സ്ലൊവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലൻഡ്, സ്പെയിൻ എന്നിവയ്ക്ക് പുറമെ സ്വിറ്റ്സർലൻഡും കൊവിഷീൽഡിന് അംഗീകാരം നൽകി.
ഇതോടെ ഇന്ത്യൻ വാക്സിൻ സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഗ്രീൻ പാസ് ലഭിക്കും. നേരത്തെ ഇന്ത്യൻ വാക്സിൻ സ്വീകരിച്ചവർക്ക് നിർബന്ധിത ക്വാറന്റീൻ വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനത്തിനെതിരെ ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസും രംഗത്ത് വന്നതോടെയാണ് യൂറോപ്യൻ യൂണിയൻ നിലപാട് പുനപരിശോധിക്കുന്നത്.
യൂറോപ്യൻ യൂണിയന്റെ മുൻ നിലപാടിനെ വിമർശിച്ച് ആഫ്രിക്കൻ യൂണിയനും നേരത്തെ രംഗത്ത് വന്നിരുന്നു. ആഫ്രിക്കയിലെ കൊവിഡ് പ്രതിരോധത്തിന്റെ നെടുംതൂണാണ് കൊവാക്സ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ഇന്ത്യൻ വാക്സിനുകൾ.
നേരത്തെ, യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്പോർട്ട് നയപ്രകാരം കോവാക്സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു തീരുമാനമായില്ലെങ്കിൽ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ പുനർവിചിന്തനത്തിന് തയ്യാറാകുന്നത്.
Discussion about this post