തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തിരിമറി കേസിൽ കുടുങ്ങിയതോടെ കേരളത്തിൽ ജവാൻ റം നിർമ്മാണം നിലച്ചു. സംസ്ഥാന സർക്കാരിന് പ്രതിദിനം മൂന്നുകോടി രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പുളിക്കീഴിലെ വിദേശമദ്യ നിർമാണശാലയിലാണ് ജവാൻ നിർമ്മാണം നിലച്ചിരിക്കുന്നത്.
പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് കമ്പനിയിലേക്ക് എത്തിച്ച സ്പിരിറ്റ് തിരിമറി നടത്തിയ കേസിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങി. ഇതോടെ മേൽനോട്ടം വഹിക്കാൻ ആളില്ലാത്തതാണ് ജവാൻ നിർമ്മാണം നിലക്കാൻ കാരണം.
കെമിസ്റ്റ് എത്തി സ്പിരിറ്റ് കൂട്ടിയെടുത്തെങ്കിൽ മാത്രമേ ഇനി നിർമാണം തുടങ്ങാനാകൂ. അവശേഷിച്ച മദ്യം കുപ്പികളിൽ നിറച്ചശേഷം താത്‌കാലിക ജീവനക്കാരും മടങ്ങിയതോടെ കേരളത്തിലെ കുടിയന്മാരുടെ പ്രിയ ബ്രാൻഡായ ജവാൻ നിർമ്മാണം താത്കാലികമായി നിലക്കുകയായിരുന്നു.
ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സണൽ മാനേജർ ഷെഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരാണ് സ്പിരിറ്റ് തിരിമറി കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്കെതിരേ ബിവറേജസ് കോർപ്പറേഷൻ നടപടി സ്വീകരിക്കുകയോ, ബദൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഒരുദിവസം 54,000 ലിറ്റർ ജവാൻ മദ്യമാണ് ഇവിടെ ഉത്‌പാദിപ്പിച്ചിരുന്നത്. ഒമ്പത് കുപ്പികൾ ഉൾക്കൊള്ളുന്ന 6000 പെട്ടി മദ്യമാണ് ഒരു ദിവസം നിറയ്ക്കുന്നത്. താത്കാലിക ജീവനക്കാരായ 64 കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കുപ്പികളിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ കുപ്പി ഒന്നിന് പത്തിരട്ടി ലാഭത്തിലാണ് വിൽപ്പന നടത്തുന്നത്.












