ബെര്‍ലിന്‍: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കീല് ക്രിസ്റ്റ്യാന്‍ ആല്‍ബ്റെഷ്ട് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി (22) മുടക്കമ്പുറത്തെയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.
വിദ്യാര്‍ഥിനിയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂ.
Discussion about this post