ഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത പുഷ്കര്‍ സിംഗ് ധാമിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ധാമിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഉത്തരാഖണ്ഡിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഈ ടീമിന് ആശംസകള്‍ നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് ഖാതിമയില്‍ നിന്നുള്ള ഈ ബിജെപി ജനപ്രതിനിധി.
കഴിഞ്ഞ ദിവസം ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് ധാമിയെ തെരഞ്ഞെടുത്തത്. 57 ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തു. നിയമസഭാംഗമാകാത്തതിനെത്തുടര്ന്നു മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തിനെ ബിജെപി കേന്ദ്രനേതൃത്വം ഇന്നലെ നീക്കുകയായിരുന്നു.
നാലുമാസം മുന്‍പാണ് റാവത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി നിയമസഭാംഗമല്ലാത്ത റാവത്തിനെ നിയമസഭയിലെത്തിക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടത് റാ വത്തിനു തിരിച്ചടിയാവുകയായിരുന്നു.
Discussion about this post