ഡൽഹി: നയങ്ങൾ കൊണ്ട് ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാനാകില്ലെന്ന് അസം ബിജെപി ജനറൽ സെക്രട്ടറി ദിലീപ് സായ്കിയ. ഇതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മുസ്ലിം പണ്ഡിതന്മാരുമായി നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
പല മേഖലകളിലും മുസ്ലിം സമുദായം പിന്നിലാണ്. അവരുടെ വിദ്യാഭ്യാസവും കഴിവുകളും സാമൂഹിക ജീവിതവും മെച്ചപ്പെടുത്തി ക്ഷേമ പ്രവർത്തനങ്ങളിലൂടെ പുരോഗതി സാധ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജനസംഖ്യാ വിസ്ഫോടനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും ഹിന്ദുക്കളേക്കാൾ മുസ്ലീം ജനസംഖ്യ വർദ്ധിക്കുകയാണ്. ഇതിന് കാരണം കോൺഗ്രസിന്റെ തെറ്റായ നയങ്ങളായിരുന്നുവെന്നും സായ്കിയ കുറ്റപ്പെടുത്തി.
കോൺഗ്രസ് മുസ്ലീങ്ങളെ വോട്ട് ബാങ്കായി കണ്ടു. അതിന്റെ ഫലമായി മുസ്ലീങ്ങൾ ഇന്ന് പല മേഖലകളിലും ഒറ്റപ്പെടുകയാണ്. ഇത്തരം വിഷയങ്ങളെ ഒരുമിച്ചു നിന്ന് അഭിസംബോധന ചെയ്യാൻ മുസ്ലീം പണ്ഡിതന്മാരെ ക്ഷണിക്കുകയാണെന്നും ദിലീപ് സായ്കിയ പറഞ്ഞു.
Discussion about this post