എന്നും വിവാദങ്ങൾക്കൊപ്പം നടന്ന നെഹ്രു കുടുംബാംഗമായിരുന്നു സഞ്ജയ് ഗാന്ധി. ഇന്ദിരയുടെയും ഫിറോസ് ഗാന്ധിയുടെയും ഇളയ മകൻ, ഇന്ത്യക്കാർക്കായി ജനതാ കാർ നിർമ്മിക്കാൻ ഒരുങ്ങിയിറങ്ങിയ യുവരക്തം, അങ്ങനെ എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം സഞ്ജയ് ഗാന്ധിയെ.
1946 ഡിസംബർ 14 -ന് ന്യൂ ഡൽഹിയിലാണ് ഫിറോസ്-ഇന്ദിരാ ദമ്പതികളുടെ ഇളയപുത്രനായി സഞ്ജയ് ജനിച്ചത്. ജ്യേഷ്ഠൻ രാജീവിന്റെ പാത പിന്തുടർന്നുകൊണ്ട് വെൽഹാം ബോയ്സിലും, ഡൂൺ സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം. ഒരിക്കൽ പോലും പഠനത്തിൽ താല്പര്യം കാട്ടാതിരുന്ന വിദ്യാർത്ഥി. അതുകൊണ്ട് തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം കൊണ്ട് തന്നെ പഠനം അവസാനിപ്പിച്ചു .
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് പഠിക്കാനാണ് സഞ്ജയ് പോയത്. റോൾസ് റോയ്‌സിൽ ചേർന്ന് ഇംഗ്ലണ്ടിൽ പരിശീലനവും നേടി. രണ്ടാം വർഷം ആ ട്രെയിനിങ് പാതിവഴിയിൽ അവസാനിപ്പിച്ച്, ഇന്ത്യക്ക് ഒരു ‘പീപ്പിൾസ് കാർ’ വേണം എന്ന സ്വപ്നവുമായി, അത് സാക്ഷാത്കരിക്കാനുള്ള പദ്ധതികളും മനസ്സിലിട്ടുകൊണ്ട് സഞ്ജയ് തിരിച്ചുപോന്നു. 1966 ൽ അദ്ദേഹം മടങ്ങിയെത്തുമ്പോഴേക്കും അമ്മ ഇന്ദിര, നെഹ്‌റുവിന്റെ പിൻഗാമിയായി കോൺഗ്രസിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അയാൾ, രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന സ്വന്തം അമ്മ ഇന്ദിരയോട് പറഞ്ഞു, ഈ നാട്ടിലെ സാധാരണക്കാരന് വേണ്ടി ഒരു വില കുറഞ്ഞ കാർ ഉണ്ടാക്കാൻ പോവുന്നു. ഈ രാജ്യത്തിന്റെ ആദ്യത്തെ ‘ജനതാ’ കാർ…” കേട്ട പാതി കേൾക്കാത്ത പാതി രാജ്യം അയാൾക്കുവേണ്ടി സ്വന്തം ഖജനാവുകൾ തുറന്നു നൽകി. അതുവരെ ഒരു ടോയ് കാർ പോലും ഉണ്ടാക്കിയ പരിചയമില്ലാത്ത ആ യുവാവിന് അമ്പതിനായിരം കാറുകൾ നിർമിച്ച് വിൽക്കാനുള്ള കോൺട്രാക്ട് അനുവദിക്കപ്പെട്ടു. അതായിരുന്നു മാരുതി എന്ന ഇന്ത്യൻ കാർ ബ്രാൻഡിന്റെ തുടക്കം
ആയിടെ ഇറങ്ങിയ അമൃത് നഹത സംവിധാനം ചെയ്ത കിസ്സാ കുർസി കാ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് തന്നെ ഈ മാരുതി കാർ പദ്ധതിയെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു. അന്ന് ഈ ചിത്രത്തിന്റെ നെഗറ്റീവ്‌സും, എല്ലാ പ്രിന്റുകളും, മാസ്റ്റർ പ്രിന്റും അടക്കം എല്ലാ ശേഷിപ്പുകളും ഗുഡ്‌ഗാവിലെ മാരുതി ഫാക്ടറിയ്ക്കുള്ളിൽ കൊണ്ടുവന്നാണ് സഞ്ജയ് ഗാന്ധിയുടെ അനുയായികൾ കത്തിച്ചുകളഞ്ഞത്
സഞ്ജയ് ഗാന്ധിക്ക് ഇത്ര വലിയൊരു പ്രോജക്റ്റ് നൽകിയത് ഏറെ മുറുമുറുപ്പുകൾക്ക് കാരണമായി എങ്കിലും, 1971 -ലെ ഇന്തോ-പാക് യുദ്ധമുയർത്തിയ ദേശീയതാ തരംഗത്തിൽ അതൊക്കെ ഒഴുകിപ്പോയി. അതിനിടെ ഫോക്സ്‍വാഗണുമായി ബന്ധപ്പെട്ട ഇന്ത്യൻ ബീറ്റിൽ പുറത്തിറക്കാനുള്ള ശ്രമങ്ങൾ സഞ്ജയ് തുടങ്ങിവെച്ചു .
എന്നാൽ അഴിമതി ആരോപണങ്ങളിൽ മുങ്ങി ആ പദ്ധതി പാളിയപ്പോൾ സഞ്ജയ് മെല്ലെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. ഇതിനിടെ 1974 ൽ അദ്ദേഹം മോഡലായിരുന്ന മനേക ഗാന്ധിയെ വിവാഹം കഴിച്ചു. അതിനിടെ 1975 -ൽ രാഷ്ട്രം അടിയന്തരാവസ്ഥയുടെ പിടിയിലായി.പൗരാവകാശങ്ങൾ റദ്ദുചെയ്യപ്പെട്ട ആ ചെറിയ കാലയളവിൽ സഞ്ജയ് കൈക്കൊണ്ട പല തീരുമാനങ്ങളും അദ്ദേഹത്തെയും ഒരുപരിധിവരെ കോൺഗ്രസ് പാർട്ടിയെയും ജനഹൃദയങ്ങളിൽ നിന്ന് അകറ്റി. സഞ്ജയ് ഗാന്ധിക്ക് ഒരു വില്ലൻ പരിവേഷം തന്നെ സമ്മാനിച്ചു.
മന്ത്രിസഭാ രൂപീകരണം, തന്ത്രപ്രധാനമായ രാഷ്ട്രീയ നിയമനങ്ങൾ, തുടർന്നുള്ള നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണെങ്കിൽ പോലും സഞ്ജയ് ഇല്ലാതെ പാർട്ടിയിൽ കാര്യമായൊന്നും നടക്കില്ല എന്ന അവസ്ഥയായി .
പാർലമെന്റ് കയ്യടക്കുക മാത്രമല്ല അന്ന് സഞ്ജയിന്റെ ഉപദേശപ്രകാരം കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് ഇതരപാർട്ടികൾ അധികാരത്തിലിരുന്ന പല സംസ്ഥാനങ്ങളുടെയും ഗവൺമെന്റുകൾ ഇന്ദിര പിരിച്ചുവിട്ടത് സഞ്ജയിന്റെ നിർദേശം മാനിച്ചാണ്. അവിടങ്ങളിലൊക്കെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചുകയറി. അങ്ങനെ രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ പാർട്ടി ഭരിക്കുന്ന അവസ്ഥയുണ്ടായി.
അക്കാലത്ത് സഞ്ജയ് ഗാന്ധിയായിരുന്നു ഇന്ദിരയുടെ പ്രധാന ഉപദേഷ്ടാവ് എന്ന് വേണം പറയാൻ. കാബിനറ്റ് മന്ത്രിമാർ, ബ്യൂറോക്രാറ്റുകൾ, പാർട്ടി അംഗങ്ങൾ എന്നിവരെ നിയന്ത്രിച്ചതും സഞ്ജയ് ആണ്.
പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ പങ്ക് നിർവഹിക്കുന്നതിന് ഇന്ദിരയ്ക്ക് സഞ്ജയ് ഗാന്ധിയുടെ ഉപദേശം അത്യാവശ്യമാണ് എന്ന നില വന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനേക്കാൾ പ്രധാനമന്ത്രിയുടെ വസതിയാണ് രാജ്യം നടത്തിയിരുന്നത് എന്നത് ഒരു സാധാരണ പഴഞ്ചൊല്ലായി മാറി. സഞ്ജയ് ഇന്ദിരയുടെ പിൻഗാമിയാകുമെന്നും റിപ്പോർട്ടുകൾ വന്ന് തുടങ്ങി
എന്നാൽ അടിയന്തരാവസ്ഥ നീക്കിയതിന് ശേഷമുള്ള 1977 മാർച്ചിലെ തെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധി അമേത്തിയിൽ കനത്ത പരാജയം ഏറ്റുവാങ്ങി. എന്നാൽ 1980 ജനുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സഞ്ജയ് ഗംഭീര തിരിച്ചുവരവ് നടത്തി, അമേത്തിയിൽ വിജയിച്ചു.
അമ്മയെ പൂർവാധികം ശക്തിയോടെ അധികാരത്തിൽ തിരിച്ചെത്തിച്ചതിന്റെ ക്രെഡിറ്റ് മുഴുവനും മകൻ സഞ്ജയ് ഗാന്ധിക്കുള്ളതാണ്. കോൺഗ്രസ് എന്ന പാർട്ടി അന്ന് നടത്തിയിരുന്നത് സഞ്ജയ് ആയിരുന്നു. 1977 ലെ അപമാനകരമായ തിരഞ്ഞെടുപ്പ് പരാജയത്തിനു പക വീട്ടുകയായിരുന്നു സഞ്ജയ്.
ജൂൺ 23 -നായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയ സഞ്ജയ് ഗാന്ധിയുടെ മരണം. രാവിലെ ഏഴേ കാലോടെ ഒരു പച്ച മാറ്റഡോർ കാർ പുറപ്പെട്ടു. സഫ്ദർ ജങ് എയർപോർട്ടിലുള്ള ഫ്ളയിങ് ക്ലബ് ലക്ഷ്യമിട്ടാണ് പോക്ക്. അന്നത്തെ ദിവസം വിശേഷപ്പെട്ടതായിരുന്നു. അന്ന് സഞ്ജയ് ആദ്യമായി പുതിയൊരു 2 സീറ്റർ വിമാനം പറത്തി പരീക്ഷണം നടത്താൻ പോവുകയായിരുന്നു. പിറ്റ്‌സ് S-2A ആയിരുന്നു ആ വിമാനം. പുതിയൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകവും ഉത്സാഹവുമായിരുന്നു സഞ്ജയിന് ആ പ്രഭാതത്തിൽ.
ഇൻസ്ട്രക്ടർ ക്യാപ്റ്റൻ സുഭാഷ് സക്‌സേന ആദ്യം സഞ്ജയിനൊപ്പം വിമാനത്തിലേറാൻ വിസമ്മതിച്ചിരുന്നു. ആ വിമാനം പറത്തി വേണ്ടത്ര പരിചയം സഞ്ജയിന് ഇല്ലാതിരുന്നതും, ഇൻസ്ട്രക്ടറോ, പൈലറ്റായ ചേട്ടൻ രാജീവ് ഗാന്ധിയോ അടക്കമുള്ള ആരും പറയുന്നത് കേൾക്കാത്തതും ഒക്കെയായിരുന്നു ആ വിമുഖതയ്ക്ക് പിന്നിൽ.
എന്നാൽ സഞ്ജയിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം സമ്മതിച്ചു. അങ്ങനെ പറന്നുയർന്ന് ആകാശത്ത് വട്ടംചുറ്റി അഭ്യാസങ്ങൾ കാണിക്കുന്നതിനിടെയാണ് സഞ്ജയ് ഗാന്ധിക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും എഞ്ചിനുകൾ പ്രവർത്തന രഹിതമായി വിമാനം പൊടുന്നനെ നിലംപതിക്കുന്നതും. കത്തിച്ചാമ്പലായി ആ വിമാനം. ഇരുവരും തത്സമയം തന്നെ കൊല്ലപ്പെട്ടു.
മൂന്നര മാസം പ്രായമുള്ള വരുണിനൊപ്പം നിസ്സഹായായ നിൽക്കുന്ന മനേകയുടെ ചിത്രങ്ങൾ അന്ന് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മരണത്തിനു തലേദിവസവും മനേകയും ഇന്ദിരയും ആ വിമാനം പറത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഞ്ജയ് അവസാന നിമിഷം ആ വിലക്ക് മറികടക്കുകയായിരുന്നു. പിന്നീട് ഒരിക്കലും സഞ്ജയ് ഗാന്ധിയുടെ സ്വപ്ന കാർ യാഥാർത്ഥ്യമായില്ല. ആ ദുരൂഹമായ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ രാഷ്ട്രീയ ഭാഗധേയം ഇന്ന് മറ്റൊരു വിധത്തിലാകുമായിരുന്നു. ഒരു പക്ഷെ ഇന്ത്യ എക്കാലത്തെയും സ്വച്ഛേധിപതിയായ ഒരു പ്രധാനമന്ത്രിക്ക് കീഴിൽ ഭരിക്കപ്പെടുകയും ചെയ്യുമായിരുന്നു.
Discussion about this post