പാലക്കാട്: തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഭിലാഷ്, നൗഫൽ എന്നിവർക്ക് പിറകെ ഒളിവിലായിരുന്ന പ്രതി മുഹമ്മദും പിടിയിലായി. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി അമ്മയാണ് രംഗത്തെത്തിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.
പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളടക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡിപ്പിച്ചിരുന്നത്. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചടക്കം പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Discussion about this post