കബൂൾ: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിച്ച് താലിബാൻ. സമാധാനാന്തരീക്ഷം തകർന്നതോടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ തിരികെ എത്തിച്ചു. രാജ്യത്തെ എൺപത് ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞതായി താലിബാൻ അവകാശപ്പെട്ടു.
എന്നാൽ അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്നും ജീവനക്കാരെ തിരികെ വിളിച്ചത് സുരക്ഷ മുൻനിർത്തിയാണെന്നും ഇന്ത്യ അറിയിച്ചു. കാണ്ഡഹാറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥർക്കൊപ്പം ഐടിബിപി സുരക്ഷാ ഭടന്മാരെ ഉൾപ്പെടെ ഇന്ത്യ പിൻവലിക്കുകയായിരുന്നു.
പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുടെ സാന്നിദ്ധ്യവും അഫ്ഗാനിസ്ഥാനിൽ ശക്തി പ്രാപിക്കുകയാണ്. ഇവർ താലിബാനൊപ്പം കൈകോർക്കുന്നത് വലിയ ഭീഷണിയാണ് മേഖലയിൽ ഉയർത്തുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റം ഏഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ് നിലവിൽ ലഭ്യമാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമം നിരീക്ഷിക്കുന്നു.










