ഗാന്ധിധാം: കാമുകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിൽ പ്രകോപിതയായ യുവതി തുണി ഫാക്ടറിക്ക് തീയിട്ടു. ഗാന്ധിധാം ഗണേശ് നഗര്‍ സ്വദേശിയായ മായാബെന്‍ പര്‍മാര്‍ എന്ന യുവതിയാണ് കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ പ്രതികാരമായി താന്‍ കൂടി ജോലി ചെയ്തിരുന്ന ഫാക്ടറി തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കൃത്യമായ ഇടപെടൽ നടത്തിയതോടെ വൻദുരന്തം ഒഴിവായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടുന്നത്.
ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളില്‍ തുണികള്‍ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ചതു കൊണ്ട് വലിയ അപകടം ഒഴിവായി. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് 24 വയസുള്ള ജീവനക്കാരി മായാബെൻ ലൈറ്റർ ഉപയോഗിച്ച് തീ ഇടുന്നത് കാണുന്നത്. ഇവരെ കമ്പനി അധികൃതർ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതികാരത്തിന്റെ കഥ പുറത്തുവരുന്നത്.
യുവതിയുടെ കാമുകനായ വിനോദിനെ കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് യുവതിയെ കമ്പനിക്ക് തീ ഇടാൻ പ്രേരിപ്പിച്ചത്. കമ്പനി അധികൃതരുടെ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
Discussion about this post