ഡൽഹി: ഉത്തർ പ്രദേശിൽ പിടിയിലായ അൽഖ്വയിദ ഭീകരർ ലഖ്നൗവിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. രണ്ട് പ്രഷർ കുക്കർ ബോംബുകൾ, ഒരു ഡിറ്റണേറ്റർ, ഏഴ് കിലോഗ്രാം വരുന്ന സ്ഫോടകവസ്തുക്കൾ എന്നിവ ഇവരിൽ നിന്നും പിടികൂടിയിരുന്നു.
ഉത്തർ പ്രദേശിൽ സ്ഫോടന പരമ്പര സൃഷ്ടിക്കാൻ ഭീകരർ നടത്തിയ നീക്കങ്ങളാണ് പൊലീസ് പൊളിച്ചത്. പിടിയിലായ രണ്ട് ഭീകരരും അൽഖ്വയിദയുടെ അൻസാർ ഗസ്വത്തുൽ ഹിന്ദിലെ പ്രവർത്തകരാണെന്ന് ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു. മസീറുദ്ദീൻ, മിൻഹാജ് എന്നീ ഭീകരരാണ് പിടിയിലായിരിക്കുന്നത്.
1980ൽ രൂപീകൃതമായ സുന്നി ഇസ്ലാമിക ഭീകര സംഘടനയാണ് അൽഖ്വയിദ. പാക്- അഫ്ഗാൻ അതിർത്തിക്ക് സമീപം ക്വെറ്റ, പെഷവാർ എന്നിവിടങ്ങളിൽ സ്വാധീനമുള്ള ഉമർ ഹാൽമിന്ദി എന്നയാളാണ് സംഘടനയുടെ യുപി ഘടകത്തെ നിയന്ത്രിക്കുന്നത്. ലഖ്നൗവിൽ നിന്നുമുള്ള തീവ്ര ചിന്താഗതിക്കാരായ യുവാക്കളെ സംഘടിപ്പിച്ച് ഹാൽമിന്ദിയാണ് അൻസാർ ഗസ്വാതുൽ ഹിന്ദ് എന്ന സംഘടന രൂപീകരിച്ചതെന്നും പൊലീസ് പറഞ്ഞു.
ഭീകരവാദ വിരുദ്ധ സേനയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്ക് ആയുധം നൽകിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉത്തർ പ്രദേശിലെ ബിജെപി ജനപ്രതിനിധികളെയും മുതിർന്ന ബിജെപി നേതാക്കളെയും വധിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായും ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞു.
Discussion about this post