ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. തുടക്കത്തില്‍ തന്നെ ഇരു നേതാക്കളും പരസ്പരം ആശ്ലേഷിച്ചാണ് സൗഹൃദം പങ്കുവച്ചത്. കഴിഞ്ഞ സെപ്തംബറില്‍ വാഷിങ്ടണിലെത്തി മടങ്ങിയതോടെ യുഎസുമായുള്ള ഉപഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായതെന്ന് മോദി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഒബാമ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുണച്ചതിന് ഒബാമയ്ക്ക് മോദി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്.
ചര്‍ച്ചയില്‍ കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിരോധ രംഗത്തെ കാര്യങ്ങളും വിഷയമായി. രണ്ടു ദിവസം മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്‍പ് വാഷിങ്ടണില്‍ വച്ച് ഒബാമയുമായി മോദികൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ജനുവരിയില്‍ റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി ഒബാമ ഇന്ത്യയില്‍ എത്തിയിരുന്നു.
നേരത്തെ, ബ്രിട്ടന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഹൊളാന്തെയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോള ഭീമനായ മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒ ബില്ഗേറ്റ്സുമായും മോദി കൂടിക്കാഴ്ച നടത്തി.
Discussion about this post