മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും, നാഷണൽ കോൺഗ്രസ് പാർട്ടി നേതാവുമായ അനില്‍ ദേശ്മുഖിന്റെ 4 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ട് കെട്ടി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ) അനുസരിച്ച് ഉത്തരവിറക്കിയതായി ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബൈയിലെ പത്തോളം ബാറുടമകൾ മൂന്ന് മാസങ്ങളിലായി അനിൽ ദേശ്മുഖിന് നാല് കോടിയോളം രൂപ നൽകിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എഴുപത്തിരണ്ടുകാരനായ അനില്‍ ദേശ്മുഖിന് ഇതുവരെ മൂന്ന് സമന്‍സുകൾ അയച്ചെങ്കിലും അദ്ദേഹം ഇതുവരെ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരായില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അനില്‍ ദേശ്മുഖിന്റെ മകന്‍ ഹൃഷികേശിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഇ ഡി സമന്‍സ് അയച്ചിരുന്നു. അവരും ഇ ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ വിസമ്മതിക്കുകയായിരുന്നു. 100 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് അനില്‍ ദേശ്മുഖിന്റെ പേരിലുള്ളത്. എന്‍ സി പി നേതാവായ അനില്‍ ദേശ്മുഖ് തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.
ദേശ്മുഖ് സംസ്ഥാനത്തെ ബാര്‍ ഉടമകളില്‍ നിന്നും 4 കോടി രൂപ കൈപറ്റി തന്റെ കുടുംബ ട്രസ്റ്റില്‍ നിക്ഷേപിച്ചുവെന്നാണ് ഇ ഡി യുടെ കണ്ടെത്തല്‍. ഡമ്മി കമ്പനികളുടെ പേരിലാണ് ഈ പണം ട്രസ്റ്റില്‍ നിക്ഷേപിച്ചിരിക്കുന്നത്. ശ്രീ സായ് ശിക്ഷണ്‍ സംസ്തയെന്ന ദേശ്മുഖിന്റെ കുടുംബ ചാരിറ്റബിള്‍ ട്രസ്റ്റിലേയ്ക്ക് 4.18 കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നാണ് ട്രസ്റ്റ് പണം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ കമ്പനികള്‍ രേഖകളില്‍ മാത്രമാണുള്ളതെന്ന് ഇ ഡി വെളിപ്പെടുത്തി. ഇത്തരം നിരവധി കമ്പനികള്‍ ദേശ്മുഖിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post