ഡല്‍ഹി: കേരളത്തില്‍ ബക്രീദിനോട് അനുബന്ധിച്ച് കൂടുതല്‍ ഇളവു നല്‍കിയതിനെതിരെ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളി പികെഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്.
അതേസമയം ബക്രീദിന് അധിക ഇളവുകള്‍ നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചില പ്രദേശങ്ങളില്‍ കടകള്‍ തുറക്കുന്നതിന് സൗകര്യം ഒരുക്കുകയും സമയം പുന:ക്രമീകരിക്കുകയും മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മറുപടി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സത്യാവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
അഭിഭാഷകന്‍ വികാസ് സിംഗ് മുഖേനയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ടിപിആര്‍ നിരക്ക് കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആളുകളെ ജീവന്‍ അപകടത്തിലാക്കും. ഈ സാഹചര്യത്തില്‍ സത്യാവാങ്മൂലം വേഗം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും വികാസ് സിംഗ് പറഞ്ഞു.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയേക്കാളും യു പി യേക്കാളും പത്തിരട്ടിയിലധികമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പെരുന്നാളിനായി ചില മേഖലകളില്‍ കുറച്ച് കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.
അതേസമയം വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ഇന്ന് തന്നെ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി അംഗീകരിച്ചില്ല. സംസ്ഥാനം ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.
അതിനിടെ സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ചയാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജൂവലറി എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവില്ല.
Discussion about this post