കാബൂള്‍: അഫ്ഗാനിസ്ഥാന് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഈദ് നമസ്കാരത്തിനിടെ റോക്കറ്റാക്രമണം. റോക്കറ്റാക്രമണത്തിനു പിന്നില്‍ താലിബാനാണെന്നാണ് സംശയം. അഫ്ഗാനിസ്ഥാനിലെ തന്നെ പര്‍വാന്‍ ഇ സെ പ്രവിശ്യയില്‍ നിന്നും വിക്ഷേപിച്ച മൂന്ന് റോക്കറ്റുകള്‍ ബാഖ് ഇ അലി മര്‍ദാന്‍, ചമന്‍ ഇ ഹസോരി, മനാബെ ബഷാരി എന്നീ സ്ഥലങ്ങളിലാണ് പതിച്ചത്.
അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗനി ഉള്പ്പെയെയുള്ളവര് കൊട്ടാരത്തിനു പുറത്ത് ഈദ് നമസ്കാരത്തിലേര്പ്പെട്ടിരുന്നപ്പോഴാണ് ഒന്നുപിറകേ ഒന്നായി മൂന്ന് റോക്കറ്റുകളും പതിച്ചത്.
റോക്കറ്റാക്രമണത്തിനു ശേഷവും ഈദ് നമസ്കാരം തടസ്സമില്ലാതെ തുടര്‍ന്നു. നമസ്കാരത്തിനു ശേഷം പ്രസിഡന്റ് ഗനി അവിടെ തന്നെ സജ്ജീകരിച്ച വേദിയില്‍ നിന്ന് ഈദ് സന്ദേശവും നല്കി.
താലിബാന് ആണ് റോക്കറ്റാക്രമണത്തിനു പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സാധാരണ ചെയ്യുന്നത് പോലെ ഇത്തവണ ഈദിന് താലിബാന് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നില്ല.
Discussion about this post