ഡൽഹി: അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാഗീരഥി അമ്മയുടെ ജീവിത യാത്രയിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഭാഗീരഥി അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ജീവിത യാത്രയിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്, പ്രത്യേകിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവരുടെ അടങ്ങാത്ത ആവേശം. അവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘105ആം വയസ്സിലും പഠിക്കാനുള്ള ഭാഗീരഥി അമ്മയുടെ തോൽക്കാത്ത മനസ്സ് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രചോദനമാണ്. അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവരുടെ ആത്മാവിന് മുക്തി ലഭിക്കട്ടെ.‘ അദ്ദേഹം ട്വീറ്റ് ചെയ്തു.
2019 നവംബർ മാസത്തിൽ 105ആം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീശക്തി പുരസ്കാരത്തിന് അർഹയായ പഠിതാവായിരുന്നു ഭാഗീരഥി അമ്മ. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഏറ്റവും പ്രായം കൂടിയ പഠിതാവായിരുന്നു ഭാഗീരഥി അമ്മ. സഹോദരങ്ങളെ വളർത്താൻ വേണ്ടി ചെറുപ്രായത്തിൽ അവർക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
Discussion about this post