മുംബൈ: ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം മീരാബായ് ചാനുവിന് ആശംസകളേകുകയാണ് രാജ്യം മുഴുവൻ. ഭാരോദ്വഹനത്തില്‍ ആദ്യമായി വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതയുടെ ഒരു കടുത്ത ആരാധികയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം.
കൈയിൽ പൗഡർ തിരുമ്മി നെറ്റിയിൽ തൊട്ട് ‘വലിയ ഭാരം’ ഇരു കൈകളിൽ പൊക്കാൻ ആ കുഞ്ഞുമോൾ ഒരുങ്ങുേമ്പാൾ പിന്നാമ്പുറത്ത് ഒളിമ്പിക് വെള്ളി മെഡലിലേക്ക് മീരഭായ് ചാനു ഭാരമുയർത്തുന്നതിന്‍റെ ചിത്രങ്ങൾ തെളിയുന്നുണ്ടായിരുന്നു. ഇടവിട്ട് അതിലേക്ക് നോക്കി എല്ലാം മുറപോലെ തന്നെയെന്ന് ഉറപ്പിച്ച് ഒടുവിൽ ഭാരമുയർത്തിക്കഴിഞ്ഞപ്പോൾ ആ കുഞ്ഞുമുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് സ്വർണമെഡൽ തന്നെ നൽകി ഉറ്റവർ അവളെ ആദരിച്ചു. മെഡൽ കഴുത്തിലണിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്തും നന്ദിയർപ്പിച്ചും അവൾ വിജയം ആഘോഷിക്കുന്ന വിഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
https://www.facebook.com/nilin.kripu/videos/572753480524857
നിരവധി പേർ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. തന്നെ പശ്ചാത്തലത്തിൽ നിർത്തി ആഘോഷം കൊഴുപ്പിക്കുന്ന കുഞ്ഞുമോളെ കണ്ട് ഒളിമ്പിക് ജേതാവ് ചാനുവും ട്വിറ്ററിൽ ഇതിന് ലൈക് നൽകി. ഇവൾ ജൂനിയർ ചാനുവാണെന്നും ഒളിമ്പിക്സിൽ സ്വർണം നേടുന്നുവെന്ന് ഉറപ്പാക്കാൻ പരിശീലനം നൽകണമെന്നുമായിരുന്നു ചിലരുടെ പ്രതികരണം. എണ്ണമറ്റ തവണ കണ്ടിട്ടും മതിയായില്ലെന്നായി ചിലർ. ഭാവി അത്ലറ്റുകൾക്ക് ഇവൾ യഥാർഥ ആവേശവും പ്രചോദനവുമാണെന്നും പ്രതികരിച്ചവർ വേറെ.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കുന്നത്. സ്‌നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും പിന്നീട് 115 കിലോയും ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.
Discussion about this post