തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയിലൂടെ കനത്ത പ്രഹരമേറ്റ ഇടത് സര്‍ക്കാറിനെയും മന്ത്രി ശിവന്‍കുട്ടിയെയും പരിഹസിച്ച് പി.ടി. തോമസ്. വി. ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രകടനം വിക്ടേഴ്സ് ചാനലില്‍ പ്രദര്‍ശിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ കോരിത്തരിക്കുമെന്ന് പി.ടി. തോമസ് പരിഹസിച്ചു. ആന കരിമ്പിൻകാട്ടില് കയറിയതു പോലെ എന്ന ചൊല്ല് പിന്നീട് ‘ശിവന്‍കുട്ടി നിയമസഭയില്‍ കയറിയത് പോലെ’ എന്നായിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കുമോ എന്നും പി.ടി. തോമസ് ചോദ്യം ഉന്നയിച്ചു.
കത്തോലിക്ക സഭയാണ് സാധാരണ വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ സി.പി.എമ്മിന് ആ അധികാരം നല്കിയാല് മുന്‍ മന്ത്രി കെ.എം. മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കും. മാണി ജീവിച്ചിരുന്നപ്പോള്‍, ‘കേരളം കണിക്കണ്ടുണരുന്ന കള്ളന്’ എന്നാണ് ആക്ഷേപിച്ചിരുന്നത്. എന്നാല്‍, ജോസ് കെ. മാണി കണ്ണുരുട്ടിയപ്പോള്‍ സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെന്നും പി.ടി. തോമസ് പറഞ്ഞു.
കോടതി വിധിയില്‍ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവായിരിക്കും. കയ്യാങ്കളിക്കേസ് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. മന്ത്രി നാണംകെട്ടും മന്ത്രിസഭയില്‍ തുടരുകയാണ്. മന്ത്രി വി. ശിവന്‍കുട്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
മന്ത്രി ശിവന്‍കുട്ടി രാജിവെക്കേണ്ട പ്രശ്നമായി കോടതി വിധിയെ കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ വ്യക്തമാക്കി. കേസ് പിന്‍വലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. പൊതുതാല്പര്യം പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു.
Discussion about this post