മുംബൈ: നീലച്ചിത്ര വിവാദത്തിൽ രാജ് കുന്ദ്ര പിടിയിലായ സംഭവം ബോളിവുഡിനെ പിടിച്ചുലച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇറോട്ടിക് ആപ്പുകൾക്കും പിടി വീണേക്കും. ബോളിവുഡ് നിർമാതാവ് ഏക്ത കപൂറും നടി പൂനം പാണ്ഡെയും നിരീക്ഷണത്തിലാണ് എന്നാണ് സൂചന.
സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ രാഗിണി എംഎംഎസ് ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് ബോളിവുഡ് സൂപ്പർ താരം ജിതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകളും നടൻ തുഷാർ കപൂറിന്റെ സഹോദരിയുമായ ഏക്ത കപൂർ. അഡൽട്ട് കോമഡി വിഭാഗത്തിലും ഏക്ത നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിന്റെ അടുത്ത പടി എന്നോണമാണ് ആൾട്ട് (എഎൽടി) ബാലാജി എന്ന പേരിൽ ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത നിർമാണക്കമ്പനിയായ ബാലാജി ഫിലിംസിന്റെ മറവിലാണ് 2017ൽ ആൾട്ട് ബാലാജി തുടങ്ങുന്നത്. യാതൊരു തരത്തിലുള്ള സെൻസറിങ്ങും ഇല്ലാതെ അഡൽട്ട് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ആൾട്ട് ബാലാജിയുടെ ലക്ഷ്യം. ‘ഗന്ധി ബാത്ത്’ എന്ന ആറ് സീസണുകളുള്ള വെബ് സീരീസ് ആൾട്ട് ബാലാജിയുടെ ഏറ്റവുമധികം കാഴ്ചക്കാരുള്ള ചിത്രമാണ്.
കുന്ദ്രയുടെ ഹോട്ട്ഷോട്സിനെക്കൂടാതെ ഫ്ലിസ്മൂവീസ്, ഫെനിയോ, കുക്കൂ, നിയോഫ്ലിക്സ്, ഉല്ലു, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ് തുടങ്ങിയ വെബ്സൈറ്റുകളും ആപ്പുകളും ഈ രംഗത്ത് സജീവമാണ്. പൂനം പാണ്ഡെയും സ്വന്തമായി ആപ്പ് നിർമിച്ചായിരുന്നു നീലച്ചിത്ര വിതരണം. രാജ് കുന്ദ്രയുടെ കേസ് സജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവർക്കൊക്കെയും പിടിവീഴുമെന്നാണ് സൂചന.









Discussion about this post