മലപ്പുറം : 4.3 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ.
മലപ്പുറം എക്സൈസ് സ്പെഷൽ സ്‌ക്വാഡിന്റെ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൊണ്ടോട്ടി പെരുവള്ളൂരിൽ നടത്തിയ പരിശോധനയിലാണ് ഉങ്ങുങ്ങലിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജയ് ഗഡ്ബ (26), നരഹരി ഗഡ്ബ (20) എന്നിവരിൽനിന്നു കഞ്ചാവ് കണ്ടെടുത്തത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
നിർമാണത്തൊഴിലാളികളായ ഇരുവരും അവധിക്ക് നാട്ടിൽ പോയി മടങ്ങിയപ്പോൾ കൊണ്ടുവന്ന കഞ്ചാവ് വിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒഡീഷയിൽനിന്നു ഒരു കിലോ കഞ്ചാവ് 4000 രൂപയ്ക്ക് എത്തിച്ച് ജില്ലയിൽ 18, 000 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് എക്സൈസ് സ്ക്വാഡ് അറിയിച്ചു.
ഇൻസ്പെക്ടർ കലാമുദ്ദീൻ, പ്രിവന്റീവ് ഓഫിസർമാരായ വി.മായിൻകുട്ടി, വി.അരവിന്ദൻ, ടി.അബ്ദുസ്സമദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രഭാകരൻ പള്ളത്ത്, അലക്സ് സന്തോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.












