ന്യൂയോർക്ക്: കൊവിഡ് ഡെൽറ്റ വകഭേദം ചിക്കൻ പോക്സിന് സമാനമായ വ്യാപന ശേഷിയുള്ളതാണെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും ഈ വകഭേദം പടർത്താനുള്ള സാധ്യത തുല്യമാണെന്ന ഞെട്ടിക്കുന്ന വിവരവും ഈ റിപ്പോർട്ടിലുണ്ട്. വാഷിംഗ്ടൺ പോസ്റ്റിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മെർസ്, സാർസ്, എബോള, ജലദോഷം, ഫ്ലൂ, വസൂരി, എന്നിവയേക്കാൾ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം. ന്യൂയോർക്ക് ടൈംസിലും ഇത് സംബന്ധിച്ച നിരീക്ഷണങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ച 162 മില്ല്യൺ അമേരിക്കക്കാരിൽ 35,000 പേരിൽ നിന്നും ഡെൽറ്റ വകഭേദം വ്യാപിച്ചിരിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ചിരുന്നതിനാൽ ഇവരിൽ രോഗലക്ഷണങ്ങൾ കഠിനമായ കേസുകൾ അപൂർവമാണെന്നും ഇവർ വാഹകർ മാത്രമായിരിക്കാമെന്നും റിപ്പോർട്ടിൽ നിരീക്ഷണമുണ്ട്.
ആൽഫ വകഭേദവും അതീവ വ്യാപന ശേഷിയുള്ളതാണ്. എന്നാൽ ഡെൽറ്റ വകഭേദത്തിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാണ്. വാക്സിൻ സ്വീകരിച്ചവർ ഒരു പരിധി വരെ സുരക്ഷിതരാണെന്ന് പറയാമെങ്കിലും ഇവർ വൈറസ് വാഹകരാകുന്നത് ഗുരുതരമായ തരംഗ വ്യാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥിതിവിശേഷങ്ങളിലേക്ക് പോകുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധർ പങ്ക് വെക്കുന്നത്.
Discussion about this post