ഡൽഹി: പുൽവാമയിൽ ഇന്ത്യൻ സേന കഴിഞ്ഞ ദിവസം വധിച്ച ജെയ്ഷെ മുഹമ്മദ് കമാൻഡർ അബു സെയ്ഫുള്ളയുടെ പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് വ്യക്തമാകുന്നു. ഏഴ് ഏറ്റുമുട്ടലുകളിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ കഴിഞ്ഞ ദിവസം സൈന്യവും പൊലീസും ചേർന്ന് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. കശ്മീരിൽ സജീവമായി പ്രവർത്തിച്ചിരുന്ന അവസാന ജെയ്ഷെ ഭീകരനായിരുന്നു സെയ്ഫുള്ളയെന്നാണ് വിവരം.
പുൽവാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായിരുന്നു ലംബൂ എന്നറിയപ്പെടുന്ന സെയ്ഫുള്ള. 2019 പുൽവാമ ഭീകരാക്രമണത്തിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേർക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചു കയറ്റിയ ആദിൽ അഹമ്മദ് ധറിന് പരിശീലനം നൽകിയത് ഇയാളായിരുന്നു. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ നിർദേശ പ്രകാരമായിരുന്നു ഇത്.
സെയ്ഫുള്ളയുടെ വധത്തോടെ 2019 പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സഹപ്രവർത്തകരോടുള്ള വാഗ്ദാനപാലനത്തിൽ ഒരു പടികൂടി അടുത്തതായി ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതടക്കം നിരവധി വിദ്ധ്വംസക പ്രവർത്തനങ്ങൾക്ക് സെയ്ഫുള്ള നേതൃത്വം നൽകിയിരുന്നു.
2017ൽ കശ്മീർ താഴ്വരയിലേക്ക് നുഴഞ്ഞു കയറാൻ ഇയാൾ ഭീകരരെ പരിശീലിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ 14 എഫ് ഐ ആറുകളും എൻ ഐ എ കുറ്റപത്രവും നിലവിലുണ്ട്.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യം ഇതുവരെ 19 ഭീകരരെ വകവരുത്തി. 7 പേരെ അറസ്റ്റ് ചെയ്തു. ഇനി 5 പേർ കൂടി ബാക്കിയുണ്ട്.
Discussion about this post