ഡൽഹി : രാജ്യത്തെ സ്വകാര്യ വാണിജ്യ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ അടങ്ങിയ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) സിയാമിന്റെ സിഇഓമാര്‍ അടങ്ങിയ ഉന്നതതല സംഘവുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി നിധിന്‍ ഗഡ്കരി ചര്‍ച്ച നടത്തി.
രാജ്യത്തെ വാഹന വിപണികളില്‍ ഒരു വര്‍ഷ കാലയളവിനുള്ളില്‍ ഫ്‌ലക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഗദ്കരി എടുത്തു പറഞ്ഞു. 100% എത്തനോള്‍, ഗ്യാസോലിന്‍ എന്നിവ ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വാഹനങ്ങളാണ് ഫ്‌ലക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍.യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തിന്റെ എല്ലാ വകഭേദങ്ങളിലും വിഭാഗങ്ങളിലും കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് കേന്ദ്രമന്ത്രി സ്വകാര്യ വാഹന നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചു.
വാഹനങ്ങളില്‍ നിന്നുള്ള പുക അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങള്‍ ആയ ബിഎസ് 6 ഘട്ടം 2, സിഎഎഫ്‌ഇ ഘട്ടം 2 എന്നിവ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കണം എന്ന് സംഘം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സിയാമിന്റെ അപേക്ഷകള്‍ നിലവില്‍ ഭരണകൂടത്തിന്റെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post