ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷംനിലനിന്നിരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എൽഎസി) പുനഃസ്ഥാപിച്ചതായി കേന്ദ്രസർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കി. ഇവിടെ നിന്ന് ഇരുരാജ്യങ്ങളുടേയും സേനകൾ പിന്മാറിയതായും, പ്രദേശത്തെ താൽക്കാലിക നിർമാണങ്ങൾ പൊളിച്ചുനീക്കിയതായും സർക്കാർ അറിയിച്ചു. അതിർത്തിയിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യ, ചൈന സേനാ കമാൻഡർമാർ തമ്മിൽ കഴിഞ്ഞ ആഴ്ച നടത്തിയ 12–ാം വട്ട കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് നിർണായക നടപടി.
നിലവിൽ ഡെപ്സങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലാണ് ഇരു സേനകളും നേർക്കുനേർ നിലയുറപ്പിച്ചിരുന്നത്. ഇതിൽ ഗ്രോഗ്ര മേഖലയിൽനിന്നു മാത്രമാണ് സേനാ പിന്മാറ്റം. ഓഗസ്റ്റ് 4, 5 തീയതികളിലായായിരുന്നു നടപടി.
ഹോട്ട് സ്പ്രിങ്ങിൽനിന്നും ചൈനീസ് സേന പൂർണമായി പിന്മാറണമെന്ന് കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഡെപ്സങ്ങിലെ സേനാ പിൻമാറ്റം ചർച്ചയായിരുന്നില്ല. ജൂലൈ 31ന് അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ നടന്ന കൂടിക്കാഴ്ചയിൽ ലേ ആസ്ഥാനമായുള്ള 14–ാം കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
Discussion about this post