അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. വ്യാഴാഴ്ചയായിരുന്നു വധശ്രമം.
ശ്യാമപ്രസാദ് മുഖർജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന നടത്തത്തിനായി ഇറങ്ങിയതായിരുന്നു മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തിലേക്ക് അക്രമികൾ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. അതിവേഗത്തിൽ വരുന്ന കാർ കണ്ട് മുഖ്യമന്ത്രി ഒരുവശത്തേക്ക് ചാടി മാറിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കാർ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെ തന്നെ സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനം പൊലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
Discussion about this post