കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടൻ മമ്മൂട്ടിക്കെതിരെ കേസ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനാണ് കേസ്. മമ്മൂട്ടിയെ കൂടാതെ നടൻ രമേഷ് പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ്, ആശുപത്രി അധികൃതർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മമ്മൂട്ടി ഉദ്ഘാടകനായി എത്തിയതോടെ വലിയ ആൾക്കൂട്ടമുണ്ടായി. ഇത് നിയന്ത്രിക്കാൻ എലത്തൂർ പൊലീസിന് നന്നേ പാട് പെടേണ്ടി വന്നു. ചൊവ്വാഴ്ച ആശുപത്രിയിലെ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനായാണ് നടൻ മമ്മൂട്ടിയും സംഘവും എത്തിയത്.
എന്നാൽ ഉദ്ഘാടന ചടങ്ങ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് നടത്തിയതെന്നും അതിന് ശേഷമാണ് താരങ്ങളെ കാണാൻ ആളുകൾ തടിച്ച് കൂടിയതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. രമേഷ് പിഷാരടിയും ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.












