ടോക്യോ: ഗുസ്തിയിൽ ഇന്ത്യക്ക് അടുത്ത മെഡൽ. 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്ബെകോവിനെ പരാജയപ്പെടുത്തിയാണ് വെങ്കല മെഡൽ നേടിയത്. ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാക്കാൻ ഇതോടെ പൂനിയക്കായി.
കസഖ്സ്ഥാന്റെ ഏനാസർ അക്മതൈലേവിനെ പ്രീ ക്വാർട്ടറിൽ പരാജയപ്പെടുത്തിയായിരുന്നു ബജ്രംഗ് ക്വാർട്ടറിൽ കടന്നത്. ഇറാന്റെ മുർത്താസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്രംഗ് സെമിയിൽ കടന്നത്. എന്നാൽ 2016ലെ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് അസർബൈജാന്റെ ഹാജി അലിയേവിനോട് ബജ്രംഗ് സെമിയിൽ പരാജയപ്പെടുകയായിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ബജ്രംഗ് പൂനിയ. 2018 ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ ബജ്രംഗ് 2019 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ്.











