തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സ്റ്റേയ്ക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം ലഭിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് തച്ചങ്കരി അറിയിച്ചു.
പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരിക്കും അപ്പീല്‍.
അതേ സമയം പിന്‍സീറ്റിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേത്തിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് വരെയാണ് സ്റ്റേ.
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഒഴികെ, അതില്‍ സഞ്ചരിക്കുന്നവരെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് 2013 ഒക്ടോബര്‍ 13ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ 347 (എ) ഭേദഗതി ചെയ്തായിരുന്നു അത്.
മോട്ടോര്‍ വാഹന നിയമത്തിലെ 129ാം വകുപ്പ് നല്കുന്ന അധികാരം വിനിയോഗിച്ചാണ് ഹെല്‍മെറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കിക്കൊണ്ട് ചട്ടം ഭേദഗതി ചെയ്തത്. പ്രസ്തുത ഭേദഗതിയെ ചോദ്യം ചെയ്ത് ഫോര്‍ട്ട്കൊച്ചി സ്വദേശി ടി.യു. രവീന്ദ്രനായിരുന്നു ഹര്‍ജി നല്‍കിയത്.
Discussion about this post