ഡൽഹി: പോക്സോ കേസ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതിന് ട്വിറ്റർ അക്കൗണ്ട് നഷ്ടമായ രാഹുൽ ഗാന്ധിക്ക് കൂടുതൽ തിരിച്ചടികൾ വരാനിരിക്കുന്നതായി സൂചന. രാഹുലിന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നഷ്ടമായേക്കും. രാഹുലിനെതിരെ നടപടി സ്വീകരിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്.
സംഭവത്തിൽ ട്വിറ്റർ നേരത്തെ തന്നെ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വീഡിയോ രാഹുൽ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ദേശീയ ബാലാവകാശ കമ്മീഷൻ വയനാട് എം പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫേസ്ബുക്കിന് കത്തയച്ചത്.
രാഹുലിന്റെ പ്രവൃത്തി 2015ലെ ബാലനീതി നിയമത്തിന്റെ ലംഘനമാണെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത് പോക്സോ ചട്ടങ്ങളുടെയും ലംഘനമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച രാഹുൽ ഗാന്ധി ഇവർക്കൊപ്പമുള്ള വീഡിയോ പുറത്തു വിട്ടത്.









