കബൂൾ: ജീവൻ പോയാലും രത്തൻ നാഥനെ വിട്ട് എങ്ങും പോകില്ലെന്ന് കബൂളിൽ അവശേഷിക്കുന്ന അവസാന ഹിന്ദു പുരോഹിതൻ പണ്ഡിറ്റ് രാജേഷ് കുമാർ. കബൂളിലെ രത്തൻ നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് ഇദ്ദേഹം. കബൂളിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ജനങ്ങൾ കൂട്ടത്തോടെ രാജ്യം വിടുകയാണ്. ഈ സാഹചര്യത്തിലായിരുന്നു പണ്ഡിറ്റ് രാജേഷ് കുമാറിന്റെ പ്രതികരണം.
തന്നോട് കബൂൾ വിടാൻ പലരും ആവശ്യപ്പെട്ടിരുന്നു. യാത്രാ ചെലവ് വഹിക്കാമെന്നും ചില വിശ്വാസികൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് എന്റെ പൂർവ്വികർ തലമുറകളായി പൂജിച്ച് വരുന്ന മൂർത്തിയാണ്. ഇത് ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. താലിബാൻ തന്നെ വധിച്ചാൽ അത് ബലിദാനമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകന് നൽകിയ അഭിമുഖത്തിലായിരുന്നു രാജേഷ് കുമാറിന്റെ പ്രതികരണം.
നേരത്തെ, കബൂളിൽ അവശേഷിച്ചിരുന്ന അവസാന ജൂത പുരോഹിതൻ ശബുലോൺ സിമന്റോവ് കബൂൾ വിട്ടിരുന്നു. കബൂളിൽ താലിബാൻ ഭീകരർ പ്രവേശിച്ചതോടെയായിരുന്നു ഇത്. ഇദ്ദേഹം ഇസ്രായേലിലെ കുടുംബത്തോടൊപ്പം ചേരാൻ പോയതയാണ് വിവരം.
അതേസമയം അഫ്ഗാനിസ്ഥാൻ വിട്ട പ്രസിഡന്റ് അഷറഫ് ഗനി താജികിസ്ഥാനിൽ നിന്നും ഒമാനിലേക്ക് കടന്നതായാണ് സൂചന.











