ഡൽഹി: പാകിസ്ഥാനിലെ ലഹോറിൽ ഇസ്ലാമികവാദികൾ മഹാരാജാ രഞ്ജിത് സിംഗിന്റെ പ്രതിമ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ആയുധവുമായി ഒരാൾ പിടിയിലായി. മഹാരാജ രഞ്ജിത് സിംഗിന്റെ 180ആം ചരമ വാർഷികത്തിനോട് അനുബന്ധിച്ച് 2019 ജൂൺ 27ന് സ്ഥാപിച്ച ഒൻപത് അടി ഉയരമുള്ള വെങ്കല പ്രതിമയാണ് അക്രമികൾ തകർത്തത്.
സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ സാംസ്കാരിക പൈതൃകങ്ങൾക്ക് നേർക്കുള്ള ഇത്തരം ആക്രമണങ്ങൾ പാകിസ്ഥാന്റെ സമീപനത്തിന്റെ കുറ്റമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബക്ഷി പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് അക്രമികൾ ഹിന്ദു ക്ഷേത്രം തകർത്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ആക്രമണങ്ങൾ തടയാൻ പാകിസ്ഥാന് സാധിക്കുന്നില്ല. ഇത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഭയം ജനിപ്പിക്കുമെന്ന് ബക്ഷി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ പാകിസ്ഥാൻ കുറച്ച് കൂടി ഉത്തരവാദിത്തം കാട്ടണമെന്നും അദ്ദേഹം ഉപദേശിച്ചു.
2020ലും രഞ്ജിത്ത് സിംഗിന്റെ പ്രതിമക്ക് നേരെ പാകിസ്ഥാനിൽ ആക്രമണം നടന്നിരുന്നു. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന മഹാരാജ രഞ്ജിത്ത് സിംഗ്, ഏതാണ്ട് നാല് ദശാബ്ദത്തോളം പഞ്ചാബ് ഭരിച്ച ഭരണാധികാരിയായിരുന്നു.
Discussion about this post