പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്ര മന്ത്രി നാരായൺ റാണെക്ക് ലഭിച്ച ജാമ്യം താക്കറെയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി. എല്ലാ തരത്തിലുള്ള പ്രതിബന്ധങ്ങളെയും അതിജീവിച്ച് ബിജെപിയുടെ ‘ജൻ ആശീർവാദ് യാത്ര‘ മഹാരാഷ്ട്രയിൽ പര്യടനം തുടരുമെന്നും ബിജെപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
കഴിഞ്ഞ ഇരുപത് മാസക്കാലമായി സർക്കാരിന് നിരന്തരം മുഖത്തടിയേൽക്കുകയാണെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. റായ്ഗഢിലെ മഹദ് കോടതിയാണ് കേന്ദ്ര മന്ത്രി നാരായൺ റാണെക്ക് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ആൾജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നെന്ന് പോലും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അറിയില്ല എന്ന പ്രസ്താവനയിലാണ് കേന്ദ്ര മന്ത്രി നാരായൺ റാണെക്കിതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. ‘മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും അറിയില്ല്. ഇത് അപമാനകരമാണ്. തന്റെ പ്രസംഗത്തിനിടെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വർഷമായെന്ന് അറിയാൻ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് നോക്കി. ഇത് അപമാനകരമാണ്. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അപ്പോൾ അദ്ദേഹത്തെ തല്ലുമായിരുന്നു.‘ ഇതായിരുന്നു റാണെയുടെ പരാമർശം.
Discussion about this post