ഫിറ്റ്സാനുലോക്: പശുവിനെ അപ്പാടെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് വയർ പൊട്ടി ചത്തു. വടക്കൻ തായ്‌ലൻഡിലെ ഫിറ്റ്സാനുലോകിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മേയാൻ വിട്ട പശുവിനെ കാണാതെ വന്നതോടെ ഉടമസ്ഥൻ അന്വേഷിച്ചെത്തിയപ്പോഴാണ് വയർ പിളർന്ന് ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
15 അടി നീളമാണ് ബർമീസ് വിഭാഗത്തിൽപ്പെട്ട ഈ പെരുമ്പാമ്പിനുണ്ടായിരുന്നത്. പശുവിനെ കാണാതായി മൂന്നു ദിവസത്തിനു ശേഷമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. രണ്ടു വയസ്സ് പ്രായയുള്ള പശുവിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.
പെരുമ്പാമ്പ് വിഴുങ്ങിയ പശു വയറിനുള്ളിലെത്തിയതോടെ അതിന്റെ ശരീരം ജീർണിച്ചു തുടങ്ങി. ദഹനപ്രക്രിയ നടക്കുന്നതിനു മുൻപ് തന്നെ ജീർണിച്ചു വീർത്ത ജഡം ഉൾക്കൊള്ളാനാകാതെ അതിന്റെ വയർ പിളർന്നു പുറത്തു വരികയായിരുന്നു. പെരുമ്പാമ്പിന് എട്ടു വയസ്സ് പ്രായമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.











