കൊല്ലം : കടയ്ക്കലില്‍ 13 വയസ്സുള്ള മകനെ പിതാവ് ക്രൂരമായി മർദിച്ചു. കുട്ടിയെ മർദിക്കുന്നത് കണ്ട് സഹിക്കാനാവാതെ അമ്മ നൽകിയ പരാതിയിൽ പിതാവ് കടയ്ക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദീന്‍ അറസ്റ്റിലായി. മാതാവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനെ കാണാൻ പോയി എന്നു പറഞ്ഞാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മകനെ മർദിക്കുന്നതു കണ്ടു നിൽക്കാനാവാതെ കുട്ടിയുടെ മാതാവ് പൊലീസിനെ വിളിക്കുകയും കടയ്ക്കൽ സിഐ സ്ഥലത്തെത്തി പിതാവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നാസറുദീനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, മർദനത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.











