ഡല്‍ഹി: റഷ്യയിൽ നിന്ന് 70,000 എകെ-103 റൈഫിളുകള്‍ വാങ്ങാന്‍ മുന്നൂറ് കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യൻ സേന. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമായി ഭീകരാക്രമണങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിക്കാനായിട്ടാണ് ഈ റൈഫിളുകള്‍ വാങ്ങുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ള ആയുധങ്ങള്‍ സംഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
എകെ-47ന്റെ ആധുനികവത്കരിക്കപ്പെട്ട വകഭേദമാണ് എകെ-103. കശ്മീര്‍ താഴ്വരയിലും വൂളാര്‍ തടാകത്തിലും നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികര്‍ നിലവില്‍ എകെ-103 റൈഫിളുകള്‍ ഉപയോഗിക്കുന്നുണ്ട്. 6.5 ലക്ഷം റൈഫിളുകള്‍ ഇന്ത്യന്‍ സേനകളുടെ കൈകളിലെത്തിക്കാനാണ് നീക്കം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കിഴക്കന്‍ ലഡാക്കിലടക്കം ചൈനയുമായും മറ്റും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേനകളുടെ ആധുനികവത്കരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. അതേസമയം പാകിസ്ഥാന്‍ ഭീകരര്‍ക്ക് താലിബാന്‍ അമേരിക്കന്‍ ആയുധങ്ങള്‍ വിതരണം ചെയ്തേക്കുമെന്ന സൂചനയുമുണ്ട്.












