കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട ഇടപെടുലകള്‍ അവസാനിപ്പിച്ച് യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക്. ആയിരത്തില്‍ താഴെ സാധരണക്കാരെ മാത്രമാണ് ഇനി കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ളത്. ഇന്നത്തോടെ ഇവരെ ഒഴിപ്പിക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ഇതിന് പിന്നാലെ അവസാന യുഎസ് സൈന്യവും കാബൂള്‍ വിടുമെന്നാണ് സൂചന.
ഇതിനിടെ യുഎസ് സൈന്യം അഫ്ഗാന്‍ വിടുന്നതിന് പിന്നാലെ തന്നെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറായതായി താലിബാന്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി എഞ്ചിനീയര്‍മാരേയും ടെക്‌നീഷ്യന്‍മാരേയും ഒരുക്കിയിട്ടുണ്ട്. അമേരിക്കയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. മികച്ച രീതിയിലുള്ള കൈമാറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും താലിബാന്‍ വാക്താക്കള്‍ പറഞ്ഞു.
അതേ സമയം യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓഗസ്റ്റ് 31- എന്ന സമയപരിധി പാലിക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈന്‍ പറഞ്ഞത്.
‘എല്ലാ വിദേശപൗരന്‍മാരേയും അപകടസാധ്യതയുള്ളവരേയും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഈ പ്രകിയ അവസാനിച്ചാല്‍ യുഎസ് സൈന്യം പോകും’ – വിമാനത്താവളത്തിന്റെ സുരക്ഷയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ചകളായി 1.15 ലക്ഷത്തോളം പേരെയാണ് അഫ്ഗാനിസ്താനില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
4000 ത്തോളം യുഎസ് സൈനികരാണ് കാബൂള്‍ വിമാനത്താവളത്തില്‍ നിലവില്‍ അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിന്റെ ആദ്യ ഘട്ടത്തില്‍ 5,800 ഓളം സൈനികര്‍ ഉണ്ടായിരുന്നതായും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിന് സമീപം വീണ്ടും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകള്‍ വന്നതോടെ വിമാനത്താവളത്തിന്റെ ഗേറ്റുകളില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഐഎസ്-കെ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.









