തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പൊലീസ് മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പട്ടികജാതിമോര്‍ച്ച. അച്ഛനേയും എട്ട് വയസുകാരിയായ മകളേയും പിങ്ക്പൊലിസ് അപമാനിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും, സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍.ആവശ്യപ്പെട്ടു. പട്ടികജാതിമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിക്രമത്തിനിരയായ അച്ഛനും മകളും ദലിത് വിഭാഗത്തില്‍പെട്ടവരാണ്. അവരെ പൊലീസ് ഇല്ലാത്ത മോഷണകുറ്റം ചുമത്തി പൊതുനിരത്തില്‍ പരസ്യ വിചാരണ ചെയ്ത് അപമാനിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. മനുഷ്യത്വ രഹിതമായ ഈ ദലിത് പീഢനത്തിന് എസ്സി-എസ് ടി നിയമപ്രകാരം കേസെടുക്കാതെ നിയമലംഘനം നടത്തുന്നത്പോലീസ് ഉദ്യോഗസ്ഥരാണ്. കുറ്റക്കാരെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ് .അംബികയുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സാംസ്കാരിക നായകരും, സിപിഎം നേതാക്കളും പൊതുനിരത്തിലെ ഈ ദലിത് പീഢനം കാണാത്തത് എന്ത് കൊണ്ടാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post