കാബൂൾ : അഫ്ഗാനിസ്ഥാനിലെ വിമാനത്താവളത്തിലെ സേവനങ്ങൾ ഇപ്പോൾ സാധാരണ നിലയിലാക്കുന്നു. വെള്ളിയാഴ്ച മുതൽ അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചതായി അഫ്ഗാൻ എയർലൈൻസ് അറിയിച്ചു. അരിയാന അഫ്ഗാൻ എയർലൈൻസ് സേവനം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
താലിബാൻ അധികാരം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാനിൽ 160 ജീവകാരുണ്യ സംഘടനകൾ തങ്ങളുടെ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ തുടരാൻ യുണൈറ്റഡ് നേഷൻസ് ഹ്യൂമാനിറ്റേറിയൻ എയർ സർവീസ് (UNHAS) വിമാനങ്ങൾ പുനരാരംഭിച്ചിരുന്നു. നിലവിൽ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിനെയും അഫ്ഗാനിസ്ഥാനിലെ മസാർ-ഇ-ഷെരീഫും കാണ്ഡഹാറുമായി ബന്ധിപ്പിക്കുന്ന എയർ പാസഞ്ചർ സർവീസ് ഞായറാഴ്ച മുതൽ ഉണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാരിക്ക് അറിയിച്ചു. ഇതിനകം മൂന്ന് വിമാനങ്ങൾ മസർ-ഇ-ഷെരീഫിൽ എത്തിക്കഴിഞ്ഞു.
അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതിനും എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്ന് ഡബ്ല്യുഎഫ്‌പി പറഞ്ഞു . ഇതുകൂടാതെ, ഭക്ഷ്യേതര വസ്തുക്കളായ മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് അടിയന്തിര സാധനങ്ങൾ എന്നിവ ഏറ്റവും ആവശ്യമുള്ളിടത്ത് കൊണ്ടു പോകുന്നതിനായി ഒരു കാർഗോ എയർ ബ്രിഡ്ജ് സ്ഥാപിക്കുന്നു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന് നിലവിൽ വിമാനമാർഗ്ഗം എത്തിച്ചേരാനാകില്ലെന്നും ഡുജാരിക് പറഞ്ഞു.
“കാബൂൾ വിമാനത്താവളം ഇതുവരെ പ്രവർത്തനക്ഷമമല്ല. എയർപോർട്ടുകളിലേക്കുള്ള പ്രവേശനം വളരെ പ്രധാനമാണ്. കാബൂളിലെ വിമാനത്താവളം ഞങ്ങൾക്ക് ജീവനക്കാരെ മാറ്റാനും സാധനങ്ങൾ കൊണ്ടുവരാനും വളരെ ആവശ്യമാണ്. സമീപഭാവിയിൽ ഇത് പ്രവർത്തനക്ഷമമാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post