കൊണാക്രി : പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ പട്ടാള അട്ടിമറി. കേണൽ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണു റിപ്പോർട്ടുകൾ. പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഔദ്യോഗിക ടിവി ചാനലിന്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം സർക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. രാജ്യാതിർത്തികൾ അടച്ചു.
ഇന്നലെ പ്രസിഡന്റിന്റെ വസതിക്കു സമീപം മണിക്കൂറുകൾ നീണ്ട വെടിവയ്പ്പു നടന്നിരുന്നു. കോണ്ടെ (83) ഇപ്പോൾ എവിടെയെന്നതിനെക്കുറിച്ചു വ്യക്തതയില്ല. പ്രസിഡന്റിന്റെ വസതിക്കു നേരെ നടന്ന ആക്രമണത്തെ പ്രതിരോധിച്ചെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.
ഇതിനിടെ, ഒരു മുറിയിൽ കോണ്ടെയ്ക്കു ചുറ്റും സൈനികർ തോക്കുമായി നിൽക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അഴിമതിയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഭരണം പിടിച്ചെന്നാണു പട്ടാളം പറയുന്നത്.
1891 മുതൽ ഫ്രഞ്ച് അധീനതയിലായിരുന്ന ഗിനി 1958 ലാണു സ്വാതന്ത്ര്യം നേടിയത്. 2010ൽ തിരഞ്ഞെടുപ്പു ജയിച്ച് അധികാരത്തിൽവന്ന കോണ്ടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മൂന്നാം തവണയും പ്രസിഡന്റായി. 2011 ൽ വധശ്രമത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. അട്ടിമറിയെത്തുടർന്നു ഗിനിയും മൊറോക്കോയുമായി ഇന്നു നടക്കാനിരുന്ന ലോകകപ്പ് യോഗ്യതാ മത്സരം ഫിഫ മാറ്റിവച്ചു. മത്സരത്തിനെത്തിയ മൊറോക്കോ ടീം ഇവിടെ കുടുങ്ങിയിരിക്കുകയാണ്.
Discussion about this post