കൊച്ചി: ലൈസൻസ് ഇല്ലാത്ത തോക്കുകൾ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ ജീവനക്കാരിൽ നിന്ന് തോക്കുകൾ പിടികൂടി. എ.ടി.എമ്മിൽ പണം നിറക്കുന്നതിന് സുരക്ഷ നൽകുന്നവരുടെ 18 തോക്കുകളാണ് കൊച്ചി പോലീസ് പിടികൂടിയത്. തോക്കുകൾക്ക് ലൈസൻസ് ഉണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കും.
മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവക്കാരിൽ നിന്നാണ് തോക്കുകൾ കണ്ടെടുത്തതെന്നും നിലവിൽ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് പറയുന്നു.
നേരത്തെ തിരുവനന്തപുരത്തെ കരമനയിൽ നിന്ന് 5 തോക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പരിശോധനയിൽ വ്യാജ ലൈസന്‍സുകളുടെ പിന്‍ബലത്തിലാണ് തോക്കുകൾ കൈവശം വെച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി തന്നെ ഈ കാര്യങ്ങളിൽ വ്യാപകമായ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.
ലൈസൻസുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യാജമാണെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
സ്വകാര്യ ഏജൻസികളിൽ സുരക്ഷാ ജീവനക്കാരായി എത്തുന്നവർ സ്വന്തം നിലയിൽ തോക്കുമായി വരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. കശ്മീരിൽ നിന്നാണ് തോക്കുകൾ കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായി പോലീസ് വ്യക്തമാക്കുന്നത്.
മുംബൈയിലെ ഒരു സ്വകാര്യ ഏജൻസിയാണ് പണം നിറക്കുന്ന സംഘത്തിന് സുരക്ഷ പോകുന്ന ജീവനക്കാരെ കൈമാറിയിരിക്കുന്നത്. ഏജൻസിക്കെതിരെയും അന്വേഷണം ഉണ്ടാകും എന്നാണ് കൊച്ചി സിറ്റി പോലീസ് അറിയിച്ചത്.
Discussion about this post